ലഖ്നോ: ഉത്തർപ്രദേശ് സർക്കാറിന്‍റെ കോവിഡ് നിയന്ത്രണങ്ങളെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി എം.പി വരുൺ ഗാന്ധി. ഒമിക്രോൺ വ്യാപനവും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതും കണക്കിലെടുത്തായിരുന്നു രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ.
രാത്രിയിൽ കർഫ്യൂ ഏർപ്പെടുത്തുമെന്നും പകൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കുമെന്നും ബി.ജെ.പിയെയും സംസ്ഥാന സർക്കാറിനെയും വിമർശിച്ച് വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
'രാത്രിയിൽ കർഫ്യൂ ഏർപ്പെടുത്തും, പകൽ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കും. സാധാരണക്കാരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതിനും അപ്പുറമാണിത്. ഉത്തർപ്രദേശിന്‍റെ പരിമിതമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ കണക്കിലെടുക്കുമ്പോൾ, ഭയാനകമായ ഒമിക്രോൺ വ്യാപനം തടയുന്നതിനാണോ അതോ തെരഞ്ഞെടുപ്പ് ശക്തി പ്രകടനത്തിനാണോ മുൻഗണന നൽകേണ്ടതെന്ന് സത്യസന്ധമായി തീരുമാനിക്കണം' -വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യു.പിയിൽ രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചുമണി വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവക്ക് 200ൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. പരിപാടികളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം, സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുടെ ഉൾപ്പെടെ നിരവധി പ്രചാരണ പരിപാടികൾ സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.