മഗോ(അരുണാചൽപ്രദേശ്): ചൈന അതിർത്തിയിൽ ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ ഇന്തോ-തിബത്തൻ ബോർഡർ പൊലീസിനൊപ്പം (ഐ.ടി.ബി.പി) നിരീക്ഷണത്തിനും വിവരങ്ങൾ ശേഖരിക്കാനും ഇന്ത്യ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതിനുള്ള നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു.
ബോർഡർ ഇന്റലിജൻസ് പോസ്റ്റ് (ബി.ഐ.പി) എന്നാണ് ഈ വിഭാഗം അറിയപ്പെടുക. ഒരു ഗ്രൂപ്പിൽ നാലോ അഞ്ചോ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുണ്ടാകും. ഇവരുടെ സംരക്ഷണ ചുമതല ഐ.ടി.ബി.പിക്കായിരിക്കും. 2020 മുതൽ ലഡാക്കിൽ ഇന്ത്യൻസേനയും ചൈനീസ് പട്ടാളവും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ നിയമനത്തിന് സവിശേഷ പ്രാധാന്യമുണ്ട്. അതിർത്തിയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരെയും സർക്കാറിനെയും അറിയിക്കും. അരുണാചൽപ്രദേശിലെ തവാങ് ജില്ലയിൽ ചൈനാതിർത്തിയോട് ചേർന്നുള്ള ആദ്യ ഗ്രാമമാണ് മഗോ. 2020ലാണ് ഇവിടെ റോഡ് നിർമിച്ചത്. ഇന്ത്യ-ചൈന അതിർത്തിയിൽ ഐ.ടി.ബി.പിയുടെ 180 ഔട്ട്പോസ്റ്റുകളാണുള്ളത്. 45 ഔട്ട്പോസ്റ്റുകൾ നിർമിക്കാൻ ഈയിടെ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.