ന്യൂഡൽഹി: രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി ഇസഡ് പ്ലസ് പട്ടികയിലുള്ള പ്രമുഖരുടെ സുരക്ഷയ്ക്കായി വനിത സുരക്ഷാസേനയെ നിയമിക്കാനൊരുങ്ങി സി.ആർ.പി.എഫ്. 32 വനിതകളടങ്ങുന്ന ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കിയതായി സി.ആർ.പി.എഫ് മുതിർന്ന ഉദ്യോഗസ്ഥൻ കുൽദീപ് സിങ് അറിയിച്ചു.
ജനുവരി 15 മുതൽ പുതിയ ബാച്ച് സുരക്ഷാ ചുമതല ഏറ്റെടുക്കും. സി.ആർ.പി.എഫ് സുരക്ഷ ഒരുക്കുന്ന വി.ഐ.പി പട്ടികയിലെ സ്ത്രീകളുടെ എണ്ണം വർധിക്കുന്നതിനാൽ ഭാവിയിൽ കൂടുതൽ വനിത കമാൻഡോകൾക്ക് സുരക്ഷ ചുമതലകൾ നൽകുമെന്നും കുൽദീപ് സിങ് കൂട്ടിച്ചേർത്തു.
ഓരോ വി.ഐ.പിക്കും അഞ്ചോ ആറോ വനിത സുരക്ഷാസേനാംഗങ്ങളെയാണ് നിയോഗിക്കുക. ആദ്യ ഘട്ടത്തിൽ വി.ഐ.പികളുടെ വീടുകളിലായിരിക്കും ചുമതല നൽകുക. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവരാണ് സി.ആർ.പി.എഫിന്‍റെ ഇസഡ് പ്ലസ് പട്ടികയിലുള്ള വി.ഐ.പികൾ.
അതേസമയം, ഗാന്ധി കുടുംബത്തിനും മൻമോഹൻ സിങ്ങിനും വനിത സുരക്ഷാസേനാംഗങ്ങളുടെ സംരക്ഷണം ലഭിക്കുന്നത് ആദ്യമായിട്ടല്ല. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ (എസ്.പി.ജി) സംരക്ഷണ പട്ടികയിലായിരുന്നപ്പോൾ എസ്.പി.ജി വനിത കമാൻഡോകളുടെ ചെറുസംഘത്തിന് ചുമതലയുണ്ടായിരുന്നു. 2019 നവംബറിലാണ് ഗാന്ധി കുടുംബത്തിനും മൻമോഹൻ സിങ്ങിനും എസ്.പി.ജി സുരക്ഷ ഒഴിവാക്കി സി.ആർ.പി.എഫിന്‍റെ ഇസഡ് പ്ലസ് സംരക്ഷണം നൽകിയത്.
2012ൽ വി.ഐ.പി സുരക്ഷ നൽകുന്ന നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി) വി.ഐ.പി സുരക്ഷയ്ക്കായി 25 അംഗ വനിത സംഘത്തെ നിയോഗിച്ചിരുന്നു. ബി.എസ്.പി നേതാവ് മായാവതി, തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായിരുന്ന ജെ. ജയലളിത എന്നിവരുടെ സുരക്ഷയ്ക്ക് വനിത സുരക്ഷസേനയെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.