ന്യൂഡൽഹി: ജമ്മു കശ്മീരിലെ ശ്രീനഗർ മേഖലയിൽ ആദ്യമായി ഒരു വനിതാ ഐ.പി.എസ് ഒാഫിസർക്ക് സി.ആർ.പി.എഫിന്‍റെ ചുമതല. 1996 തെലുങ്കാന കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥയായ ചാരു സിൻഹയെയാണ് അർധ സൈനിക വിഭാഗമായ സി.ആർ.പി.എഫിന്‍റെ ശ്രീനഗർ സെക്ടർ ഐ.ജിയായി നിയമിച്ചത്.
ചാരു സിൻഹക്ക് സംഘർഷ മേഖലയുടെ ചുമതല നൽകുന്നത് ആദ്യമായല്ല. ബിഹാറിലെ നക്സൽ സ്വാധീനമേഖലയിൽ സി.ആർ.പി.എഫ് ഐ.ജിയായി ചാരു സിൻഹ നേരത്തെ ചുമതല വഹിച്ചിരുന്നു. നിരവധി നക്സൽ വിരുദ്ധ ഒാപറേഷന് നേതൃത്വം നൽകിയിട്ടുള്ള ചാരു സിൻഹ, നിലവിൽ ജമ്മു സി.ആർ.പി.എഫ് ഐ.ജിയാണ്.
2005ലാണ് ശ്രീനഗർ മേഖലയിൽ ബ്രീൻ നിഷാദ് കേന്ദ്രമാക്കി ഐ.ജിയുടെ മേൽനോട്ടത്തിൽ സി.ആർ.പി.എഫ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പൊലീസ് അടക്കമുള്ള സേനാ വിഭാഗങ്ങളുമായി ചേർന്ന് സംയുക്ത ഭീകര വിരുദ്ധ ഒാപ്പറേഷനിൽ പങ്കാളിയാണ് സി.ആർ.പി.എഫ്.
ജമ്മു കശ്മീരിലെ ബുദ്ഗാം, ഗാന്ദെർബാൽ, ശ്രീനഗർ മൂന്ന് ജില്ലകളിലും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലുമാണ് സി.ആർ.പി.എഫ് പ്രവർത്തന പരിധി. രണ്ട് റേഞ്ചേഴ്സ്, 22 എക്സിക്യൂട്ടീവ് യുനിറ്റുകൾ, മൂന്ന് മഹിള കമ്പനികൾ എന്നിവയാണ് ശ്രീനഗർ മേഖലയിൽ ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.