ന്യൂഡൽഹി: രണ്ടാംതവണയും പാകിസ്താൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശഹബാസ് ശരീഫിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. 'പാകിസ്താൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശഹബാസ് ശരീഫിനെ അഭിനന്ദിക്കുന്നു.'-എന്നാണ് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ശഹബാസ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
അധികാരമേൽക്കുന്നതിന് തൊട്ടു മുമ്പാണ് ശഹബാസ് ശരീഫ് കശ്മീരിനെ ഗസ്സയോട് ഉപമിച്ച് പ്രസ്താവന നടത്തിയത്. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടന്ന പ്രസംഗത്തിലായിരുന്നു പരാമർശം. 'നമുക്ക് എല്ലാവർക്കും ഒത്തുചേരാം...ദേശീയ അസംബ്ലി കശ്മീരികളുടെയും ഫലസ്തീനികളുടെയും സ്വാതന്ത്ര്യത്തിനായി പ്രമേയം പാസാക്കണം.'-എന്നാണ് ശഹബാസ് പറഞ്ഞത്. എന്നാൽ കശ്മീരിനെ കുറിച്ച് 2022ൽ പാക് പ്രധാനമന്ത്രി നടത്തിയ പ്രസംഗം വെച്ചു നോക്കുമ്പോൾ ഇതത്ര സംഭവമല്ല.
'ഇന്ത്യയുമായുള്ള നല്ല ബന്ധം കശ്മീരിന് നീതി ലഭിക്കുന്നതിനുള്ള ഒരു വ്യവസ്ഥയാണ്. എല്ലാവേദികളിലും ഞങ്ങൾ കശ്മീരി സഹോദരങ്ങൾക്കു വേണ്ടി ശബ്ദമുയർത്തും. അവർക്ക് ഞങ്ങൾ നയതന്ത്രപരവും ധാർമികവുമായ പിന്തുണ നൽകും.'-എന്നാണ് 2022ലെ പ്രസംഗത്തിൽ ശഹബാസ് ശരീഫ് പറഞ്ഞത്.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ അപലപിക്കാത്തതിന് ഇംറാൻ ഖാനെ ശഹബാസ് വിമർശിക്കുകയും ചെയ്തിരുന്നു അന്ന്.
ശഹബാസ് ശരീഫ് കശ്മീരികൾക്കായി ശബ്ദമുയർത്തിയതിനു പിന്നാലെയാണ് മോദി അദ്ദേഹത്തെ അഭിനന്ദിച്ച് സന്ദേശമിട്ടതും കശ്മീരിനെ ഭീകരരിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രസ്താവിച്ചതും എന്നത് ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.