അസമിൽ റെയിൽവേ ഭൂമി കൈയേറിയെന്നാരോപിച്ച് 8,000 മുസ്‍ലിംകളുടെ വീടുകൾ പൊളിച്ചുമാറ്റി; ഹിന്ദുകുടുംബങ്ങളുടെ വീടുകൾ തൊടാതെ അധികൃതർ

ദിസ്പൂർ: അസമിലെ മോറിഗാവ് ജില്ലയിലെ സിൽബംഗ ഗ്രാമത്തിൽ റെയിൽവേ ഭൂമിയിൽ അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ച് അധികൃതർ 8,000 മുസ്‍ലിംകളുടെ വീട് തകർത്തു. ഇക്കഴിഞ്ഞ ജൂണിൽ കനത്ത മഴക്കിടെയിലായിരുന്നു അധികൃതർ ഏകപക്ഷീയമായി നൂറുകണക്കിന് വീടുകൾ തകർത്തത്. വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ വീടുംകിടപ്പാടവും നഷ്ടപ്പെട്ട ബംഗാൾ വംശജരായ മുസ്‍ലിംകളുടെ ആവാസ കേന്ദ്രമായിരുന്നു പ്രവർത്തനക്ഷമമല്ലാത്ത റെയിൽവേ ലൈനിനു സമീപം സ്ഥിതി ചെയ്യുന്ന സിൽബംഗ. തലമുറകളായി ഇവിടെ താമസിക്കുകയാണെന്ന് 10 ാംക്ലാസ് വിദ്യാർഥിനിയായ മ​ാമോദി ബീഗം പറയുന്നു. മുത്തശ്ശനടക്കം ഈ വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മ ജനിച്ചതും ഈ വീട്ടിലായിരുന്നു. വീട് പൊളിച്ചുമാറ്റി​യതോടെ പോകാൻ ഇടമില്ലാതിരിക്കുകയാണെന്നും ബീഗം പറഞ്ഞു. എന്നാൽ അവിടെ താമസിക്കുന്ന ഹിന്ദുകുടുംബങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നും അവരുടെ വീടുകൾ ഇപ്പോഴുമുണ്ടെന്നും ബീഗം മാധ്യമങ്ങളോട് പറഞ്ഞു.

 

മാത്രമല്ല ഒരു ക്ഷേത്രവും ആശ്രമവും റെയിൽവേയുടെ ഭൂമിയിലുണ്ട്. അതൊന്നും ആരും പൊളിച്ചുമാറ്റിയിട്ടില്ല. ബംഗാൾ വംശജരായ മുസ്‍ലിം കുടുംബങ്ങളൊണ് അധികൃതർ ലക്ഷ്യമിട്ടതെന്നും അവർ ആരോപിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള മദ്റസ നിരപ്പാക്കി. മസ്ജിദിന്റെ മതിൽ തകർത്തു. എന്നാൽ കാളി മന്ദിറും ആശ്രമവും ആരും തൊട്ടില്ല. 52കാരനായ അബ്ദുൽ കാഷേം പറയുന്നു.

എന്നാൽ നിയമാനുസൃതമായാണ് ഒഴിപ്പിക്കൽ നടന്നതെന്നും കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതെന്നും മുൻകൂർ നോട്ടീസ് നൽകിയ ശേഷമായിരുന്നു നടപടികളെന്നും അധികൃതർ വ്യക്തമാക്കി. ഒഴിപ്പിക്കൽ രാഷ്ട്രീയ പ്രതികാര നടപടിയാണെന്നാരോപിച്ച് കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് വോട്ട് ചെയ്യാത്തതിനാൽ ബി.ജെ.പി മുസ്‍ലിംകളെ ലക്ഷ്യമിടുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

ആരോപണം തള്ളിയ ബി.ജെ.പി, റെയിൽവേ ഭൂമി അന്യായമായി കൈവശപ്പെടുത്തിയവർക്കെതിരായ നടപടിയാണെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും വാദിച്ചു. ഒഴിപ്പിക്കപ്പെട്ടവരെ പുനരധിവസിക്കുന്നതിനെ കുറിച്ചും സർക്കാർ മിണ്ടിയിട്ടില്ല.

Tags:    
News Summary - In Assam, over 8,000 Muslims evicted from railway land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.