ബെംഗളൂരു: പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ 32കാരനെ പിതാവും മകനും കാറിൽ കെട്ടി 250 മീറ്ററോളം വലിച്ച് കൊണ്ടുപോയതായി പരാതി. ഗരുഡചർപാളയത്തിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ജിതേഷ് കുമാറിനാണ് ദുരനുഭവമുണ്ടായത്.
യു.എസിലെ സർവകലാശാലയിൽ ഗവേഷണം നടത്തുന്ന ശ്രീഹരി ബോഹ്റ ഏപ്രിൽ 26നാണ് തന്‍റെ മൊബൈൽ ഫോൺ സർവീസ് ചെയ്യാനായി ജിതേഷ് കുമാറിന്‍റെ കടയിലെത്തിയത്. 12000 രൂപയായിരുന്നു ബിൽ തുക.
'പണം അടക്കാനായി എന്‍റെ ഇ-വാലറ്റ് വിവരങ്ങൾ നൽകി. ബില്ലിൽ പരാമാർശിച്ച ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് ഏപ്രിൽ 29ന് അവർ ഓൺലൈനായി പണം അയച്ചു. എന്നോട് പറയാതെയായിരുന്നു അത്. ആ അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉള്ളതിനാൽ പണം എനിക്ക് ലഭിച്ചില്ല. ഒരു ദിവസത്തിനകം ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് ശരിയാക്കിയ ശേഷം മൊബൈൽ ഫോൺ നൽകാമെന്ന് ഞാൻ അറിയിച്ചു' -കുമാർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഓൺലൈൻ ക്ലാസ് ഉള്ളതിനാൽ പണം കാഷായി നൽകാമെന്ന് പറഞ്ഞ് ബോഹ്റയുടെ മാതാവ് വിളിക്കുകയായിരുന്നു.
'ഓൺലൈൻ പേയ്മെന്റ് വഴി അയച്ച പണം ലഭിച്ചാൽ ഇത് മടക്കി നൽകിയാൽ മതിയെന്ന് അവർ പറഞ്ഞു. ഫീനിക്സ് മാർക്കറ്റ് സിറ്റിക്കടുത്ത് വെച്ച് ഫോൺ കൈമാറാൻ വരാനായിരുന്നു ബോഹ്റ പറഞ്ഞത്. ഏപ്രിൽ 30ന് ഞാൻ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഒരു ചുവപ്പ് ബെൻസ് കാറിൽ ബോഹ്റയും പിതാവും അവിടെയുണ്ടായിരുന്നു. ബോഹ്റയായിരുന്നു ഡ്രൈവിങ് സീറ്റിൽ. തൊട്ടടുത്ത സീറ്റിലായിരുന്നു പിതാവ്. ഫുട്പാത്തിൽ നിൽക്കുകയായിരുന്ന എന്നെ അവന്‍റെ പിതാവ് ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അവൻ എന്‍റെ കൈയ്യിൽ നിന്ന് ഫോൺ തട്ടിയെടുത്തു. പക്ഷേ ഞാൻ അത് മുറുകെ പിടിച്ചപ്പോൾ അയാൾ എന്‍റെ വലതു കൈ പിടിച്ച് മകനോട് കാർ മുന്നോട്ട് നീക്കാൻ പറഞ്ഞു. 250 മീറ്ററോളം എന്നെ വലിച്ചിഴച്ചു. തുടർന്ന് വലതു കാൽ നടപ്പാതയിൽ ഒരു വൈദ്യുത തൂണിൽ തട്ടി താഴെ വീണു' -കുമാർ സംഭവം വിവരിച്ചു.
അച്ഛനും മകനും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ കുമാർ വൈകീട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.