പട്ന: ബിഹാറിലെ സിവാൻ ജില്ലയിൽ കഴിഞ്ഞ വർഷം കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മൂന്നിരട്ടി വില നൽകി വാങ്ങിയ ആംബുലൻസുകൾ ഉപയോഗമില്ലാതെ പാർക്കിങ് ഷെഡിൽ വിശ്രമിക്കുന്നു. ഏഴു ലക്ഷം രൂപ മാത്രം വില വരുന്ന ആംബുലൻസുകൾ 21.84 ലക്ഷം മുടക്കിയാണ് വാങ്ങിയതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് അഴിമതിയാരോപണം ഉയർന്നത്. അഞ്ച് ലക്ഷത്തിന് മുകളിൽ വില വരുന്ന സാധനങ്ങൾ വാങ്ങുേമ്പാൾ അത് സർക്കാറിെൻറ ഇ-മാർക്കറ്റ്പ്ലേസിലൂടെ ആയിരിക്കണമെന്ന നിബന്ധനയും മറികടന്നിരിക്കുകയാണിവിടെ.
ഏഴ് ആംബുലൻസുകളിൽ അഞ്ചെണ്ണം മുഖ്യമന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ളതാണ്. വെൻറിലേറ്റർ ഘടിപ്പിക്കുകയും സീറ്റ് വിഭജനം നടത്തുകയും ചെയ്തതിനാലാണ് വില ഉയർന്നതെന്നാണ് ന്യായീകരണം. എന്നാൽ വാഹനത്തിൽ വരുത്തിയ ഈ കഴുത്തറുപ്പൻ നിരക്കിൽ രൂപമാറ്റങ്ങൾ ഓപൺ ടെൻഡറിലൂടെയാണ് നടത്തിയിരിക്കുന്നത്.
കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സിവാൻ ജില്ല മജിസ്ട്രേറ്റ് അമിത് പാണ്ഡേ പറഞ്ഞു. ആംബുലൻസ് ഇടപാടിെൻറയും കോവിഡ് സമയത്ത് വാങ്ങിയ മുഴുവൻ ആംബുലൻസുകളുടെയും കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി വിക്രം കുൻവാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതി. വാഹനത്തിൽ വരുത്തിയ രരൂപമാറ്റങ്ങളുടെ ചെലവുകളടക്കം പരാമർശിക്കുന്നതാണ് കത്ത്.
ഇന്ത്യൻ മാർട്ട് എന്ന ഇ-കൊമേഴ്സ് കമ്പനി 60,000 രൂപക്ക് വിൽക്കുന്ന വെൻറിലേറ്ററുകൾ 3.41 ലക്ഷം രൂപ നിരക്കിലാണ് വാങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം എഴുതി. 31,000 രൂപ മാത്രം വിലയുള്ള മെഡിക്കൽ ഉപകരണങ്ങൾക്ക് 1.18 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 8500 രൂപ മാത്രം വിലയുള്ള സക്ഷൻ മെഷീന് 33,000 രൂപ നൽകിയാണ് വാങ്ങിയതെന്നും സീറ്റ് വിഭജനത്തിനായി 1.24 ലക്ഷം മുടക്കിയതായും മുൻ മന്ത്രി എഴുതി.
കോവിഡ് കാലത്ത് ആംബുലൻസ് ക്ഷാമംഅനുഭവപ്പെട്ടത് ബിഹാറിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ രണ്ടാം തരംഗ കാലത്ത് പോലും ആംബുലൻസുകൾ ഉപയോഗപ്പെടുത്താതെ കിടക്കുകയാണ്. രാജീവ് പ്രതാപ് റൂഡി എം.പിയുടെ വീടിനടുത്ത് ആംബുലൻസുകൾ ഉപയോഗമില്ലാെത കിടക്കുന്നത് വലിയ വാർത്തയായിരുന്നു. സരനിൽ നിന്നും ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച റൂഡിയുടെ വീടിനടുത്ത് ആംബുലൻസ് ടാർപോളിൻ കൊണ്ട് പൊതിഞ്ഞ സംഭവം ജൻ അധികാർ പാർട്ടി അധ്യക്ഷൻ പപ്പു യാദവാണ് പുറത്തുകൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.