ന്യൂഡൽഹി: രാജ്യത്ത് 20 വർഷത്തിനിടെ 1888 പൊലീസ് കസ്റ്റഡി മരണം. ഇതിൽ 893 പൊലീസുകാർക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്. കുറ്റപത്രം സമർപ്പിച്ചത് 358 പൊലീസുകാർക്കെതിരെയും. 20 വർഷത്തിനിടെ 1888 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ശിക്ഷ ലഭിച്ചത് 26 പൊലീസുകാർക്ക് മാത്രമാണെന്നും ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
കസ്റ്റഡി മരണങ്ങളിൽ 1185 പേർ റിമാർഡിൽ അല്ലാത്തവരാണ്. 703പേർ കസ്റ്റഡിയിലിരിക്കെയും മരിച്ചു. ഇതിൽ പൊലീസുകാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ 518 എണ്ണം റിമാൻഡിൽ അല്ലാത്തവരുടെ കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ടാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 20വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത കസ്റ്റഡി മരണങ്ങളിൽ 60 ശതമാനവും കോടതിയിൽ പോലും ഹാജരാക്കാത്തവരാണ്.
ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ 22കാരനായ അൽത്താഫ് കസ്റ്റഡിയിലിരിക്കേ മരിച്ചിരുന്നു. ഹിന്ദു പെൺകുട്ടിയുമായി ഒളിച്ചോടിയെന്ന കുറ്റത്തിനാണ് അൽത്താഫിനെ കസ്റ്റഡിയിലെടുത്തത്. വാഷ് റൂമിലെ പെപ്പിൽ ജാക്കറ്റിന്‍റെ ചരടിൽ തൂങ്ങിമരിക്കുകയാണെന്നായിരുന്നു പൊലീസിന്‍റെ വാദം. എന്നാൽ, മകൻ കൊല്ലെപ്പട്ടതാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തുകയായിരുന്നു. നിലത്തുനിന്ന് രണ്ടടി മാത്രം ഉയരമുള്ള ദ്രവിച്ച പൈപ്പിലാണ് അൽത്താഫ് തൂങ്ങിമരിച്ചതെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ആരോപിച്ചിരുന്നു.
അൽത്താഫിന്‍റെ മരണത്തിൽ കോട്ട്വാലി പൊലീസ് സ്റ്റേഷനിലെ അഞ്ചു പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും മജിസ്ട്രേറ്റ് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ഈ കേസിന്‍റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ കസ്റ്റഡി മരണങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2020ൽ 76 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ. 15 മരണങ്ങൾ ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്തു. അതേസമയം ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ നാലുവർഷമായി രാജ്യത്ത് കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട് 96 പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായി. 2017 ന് മുമ്പുള്ള അറസ്റ്റ് വിവരങ്ങൾ ലഭ്യമല്ല.
കഴിഞ്ഞ 20 വർഷത്തിനിടെ കസ്റ്റഡി മരണങ്ങളിൽ ഏറ്റവും കൂടുതൽ പേർ ശിക്ഷിക്കെപ്പട്ടത് 2006ലായിരുന്നു. 11 പേർ ശിക്ഷിക്കപ്പെട്ടു. ആ വർഷം ഉത്തർപ്രദേശിൽ ഏഴു പൊലീസുകാരെയും മധ്യപ്രദേശിൽ നാലുപേരെയും ശിക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.