ഡൽഹി: പശുക്ഷേമത്തിനായി രൂപവത്കരിച്ച സർക്കാർ സംവിധാനമായ രാഷ്ട്ര കാമധേനു ആയോഗ് പശുക്കളെകുറിച്ച് പരീക്ഷ നടത്തും. ഫെബ്രുവരി 25ന് രാജ്യവ്യാപകമായി ഓൺലൈൻ പരീക്ഷ സംഘടിപ്പിക്കുമെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. 'കാമധേനു കൗ വിജ്ഞാൻ പ്രചാർ പ്രസാർ എക്സാമിനേഷൻ' എന്ന പേരിൽ നാല് വിഭാഗത്തിലായാണ് പരീക്ഷ നടത്തുക. പ്രൈമറി ആൻഡ് മിഡിൽ സ്‌കൂൾ, സെക്കൻഡറി, കോളേജ്, പിന്നെ പൊതുജനങ്ങൾക്കായി പ്രത്യേക പരീക്ഷ എന്നിവയാണ് ഉൾെപടുത്തിയിരിക്കുന്നത്.
മൾട്ടിപ്പിൾ ചോയ്സോടു കൂടിയ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾക്കാണ് പരീക്ഷയിൽ ഉത്തരം നൽകേണ്ടത്. വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. 'കേന്ദ്ര വിദ്യാഭ്യാസ മന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, പ്രിൻസിപ്പൽമാർ തുടങ്ങി വിദ്യാഭ്യാസമേഖലയിലെ പ്രമുഖർ പരീക്ഷക്ക് ചുക്കാൻ പിടിക്കുമെന്ന് രാഷ്ട്ര കാമധേനു ആയോഗ് അധികൃതർ അറിയിച്ചു.പരീക്ഷക്കായി രാഷ്ട്ര കാമധേനു ആയോഗ് 54 പേജ് വരുന്ന പി.ഡി.എഫ്രൂപത്തിലുള്ള സിലബസാണ് പുറത്തിറക്കിയത്. വിവിധ ബ്ലോഗ് പോസ്റ്റുകൾ, വീഡിയോകൾ, വെബ്‌സൈറ്റുകൾ തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വേദങ്ങൾ പശുക്കൾക്ക് നൽകിയിട്ടുള്ള പ്രാധാന്യം, പുരാതന ഗ്രന്ഥങ്ങളിലെ പശുക്കളെകുറിച്ചുള്ള പരാമർശം, പശുക്കൾ മനുഷ്യവർഗത്തിന് നൽകുന്ന അഞ്ച് വലിയ സംഭാവനകൾ (പാൽ, നെയ്യ്, തൈര്, മൂത്രം, ചാണകം), ഇന്ത്യയിൽ എത്രതരം പശുക്കളുണ്ടെന്നും അവയെ എവിടെ കണ്ടെത്താമെന്നതും ഉൾപ്പടെ വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പശുക്കളുടെ പ്രത്യേകതകൾ വിവരിക്കാൻ സിലബസിൽ നിന്ന് വലിയൊരു ഭാഗം മാറ്റിവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.