ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ജി സ്ക്വയർ റിയലേറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വസതിയിലും ഡി.എം.കെ -എം.എൽ.എ എം.കെ. മോഹന്റെ വീട്ടിലും ഉൾപ്പെടെ 50ലധികം ഇടങ്ങളിലാണ് പരിശോധന അരങ്ങേറുന്നത്.
ഡി.എം.കെ നേതാക്കൾ, അവരുടെ കുടുംബാംഗങ്ങൾ, മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവരുടെ സ്വത്തുക്കളുടെ വിശദാംശങ്ങളടങ്ങിയ ‘ഡി.എം.കെ ഫയലുകൾ’ എന്ന പേരിലുള്ള റിപ്പോർട്ട് ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുറത്തുവിട്ട് ഒരാഴ്ചക്കു ശേഷമാണ് റെയ്ഡ്.
സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെയുമായ ബന്ധം കാരണം ജി സ്ക്വയറിന്റെ വരുമാനം 2019 മുതൽ പലമടങ്ങ് വർധിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ചെന്നൈ സേത്തുപ്പട്ടിയിലെ ജി സ്ക്വയർ ആസ്ഥാന ഓഫിസിലും കോയമ്പത്തൂർ, ബംഗളൂരു, ഹൊസൂർ, മൈസൂരു, തിരുച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഓഫിസുകളിലും സ്ഥാപന ഉടമ ബാലയുടെ നീലാങ്കരയിലെ വീട്ടിലും പരിശോധന ആരംഭിച്ചത്. മോഹൻ എം.എൽ.എയുടെ മകൻ കാർത്തിക് ജി സ്ക്വയർ കമ്പനിയുടെ
പാർട്ണറാണ്. ശബരീശന്റെ അണ്ണാനഗറിലെ ചാർട്ടേഡ് അക്കൗണ്ടന്റ് ഷൺമുഖരാജിന്റെ ഓഫിസിലും അടുത്ത ബന്ധു പ്രവീണിന്റെ വീട്ടിലും പരിശോധന നടന്നു. റെയ്ഡ് നടക്കുന്ന കേന്ദ്രങ്ങളിൽ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു.
അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചതെന്നും 500 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഡി.എം.കെ അണ്ണാമലൈക്ക് വക്കീൽ നോട്ടീസ് അയച്ചതായും ഡി.എം.കെ കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. അണ്ണാമലൈ പുറത്തുവിട്ട തമിഴ്നാട് ധനമന്ത്രി പി.ടി.ആർ. പളനിവേൽ രാജന്റെ ശബ്ദസന്ദേശം വ്യാജമാണെന്നും ഇവർ വ്യക്തമാക്കി.
കമ്പനി നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും ഇതിന്റെ ആസ്തികളും ബാധ്യതകളും രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ പക്കൽനിന്ന് ലഭ്യമാവുന്ന പൊതുരേഖയാണെന്നും ജി സ്ക്വയർ കമ്പനി വക്താക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
ഡി.എം.കെ -എം.എൽ.എ മോഹന്റെ വസതിയിൽ നടക്കുന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.