ബിനാമി സ്വത്ത്​ കേസ്​; തുടർച്ചയായ രണ്ടാംദിവസവും റോബർട്ട്​ വദ്രയെ ചോദ്യം ചെയ്​തു

ന്യൂഡൽഹി: ബിനാമി സ്വത്ത്​ ഇടപാടുമായി ബന്ധപ്പെട്ട്​ പ്രമുഖ വ്യവസായിയും കോൺഗ്രസ്​ ​േനതാവ്​ പ്രിയങ്ക ഗാന്ധിയ​​ുടെ ഭർത്താവുമായ റോബർട്ട്​ വദ്രയെ തുടർച്ചയായ രണ്ടാംദിവസവും ആദായ നികുതി വകുപ്പ്​ ചോദ്യം ചെയ്​തു. അഞ്ചംഗ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു​ ചോദ്യം ചെയ്യൽ.

തിങ്കളാഴ്ച റോബർട്ട്​ വദ്ര ആദായ നികുതി വകുപ്പിന്​ നൽകിയ ഉത്തരങ്ങളിൽ തൃപ്​തി തോന്നാത്തതിനെ തുടർന്നാണ്​ വീണ്ടും ചോദ്യം ചെയ്യലെന്നാണ്​ വിവരം.

നേരത്തേ റോബർട്ട്​ വ​ദ്രയുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ്​ മഹാമാരിയെ തുടർന്ന്​ രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ്​ തിങ്കളാഴ്ച വദ്രയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താൻ ആദായ നികുതി വകുപ്പ്​ തീരുമാനിച്ചതെന്ന്​ ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥർ പറഞ്ഞു.

ബിക്കനീർ, ഫരീദാബാദ്​ ഭൂമികളുടെ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി, യു.കെയിലെ ബിനാമി സ്വത്തുകേസ്​ എന്നിവയിലാണ്​ അന്വേഷണം. അനധികൃത സ്വത്ത്​ സമ്പാദനവുമായി ബന്ധപ്പെട്ട്​ നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ്​ വദ്ര. ലണ്ടനിൽ അനധികൃത സ്വത്ത്​ സമ്പാദിച്ചുവെന്ന കേസാണ്​ ഇതിൽ ​​പ്രധാനം. 2018ൽ രജിസ്റ്റർ ചെയ്​ത കേസിൽ നിരന്തരം ഇദ്ദേ​ഹത്തെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്യുകയും ചെയ്​തിരുന്നു.

2015ൽ വദ്രയുടെ കമ്പനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന്​ മറ്റൊരു കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. രാജസ്​ഥാനിലെ ബിക്കനേറിൽ പാവങ്ങളുടെ പുനരധിവാസത്തിനായി സ്​കൈലൈറ്റ്​ ഹോസ്പിറ്റാലിറ്റി സ്​ഥലം ഏറ്റെടുത്തു. 75 ലക്ഷം രൂപക്ക്​ 69.55 ഹെക്​ടർ ഭൂമി സ്വന്തമാക്കുകയും 5.15 കോടിയുടെ വിൽപ്പനയിലൂടെ 4.43 കോടി ലാഭമുണ്ടാക്കിയെന്നുമാണ്​​ കേസ്​. കൂടാതെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും വദ്രക്കെതിരെ കേസ്​ അന്വേഷണം നടക്കുന്നുണ്ട്​.

അതേസമയം നിയമവിരുദ്ധമായി ഒന്നും ചെയ്​തിട്ടില്ലെന്നും കേസുകൾ രാഷ്​ട്രീയ പ്രതികാരമാണെന്നുമായിരുന്നു വദ്രയുടെ പ്രതികരണം.

Tags:    
News Summary - Income Tax officials question Robert Vadra for second day in benami assets case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.