പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ് കൃത്രിമം നടത്തുന്നതായി ആരോപിക്കുന്ന വിഡിയോയിൽനിന്നുള്ള രംഗം

ഇൻഡ്യ സഖ്യത്തിന് 20 അംഗങ്ങൾ, ബി.ജെ.പിക്ക് 14; ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ് വിജയത്തിൽ ബി.ജെ.പിയുടെ ‘ചതി’ ഇങ്ങനെ...

ന്യൂഡൽഹി: ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ഏവരെയും അമ്പരപ്പിച്ചാണ് ബി​.ജെ.പി വിജയം നേടിയത്. അംഗബലം നോക്കുമ്പോൾ ‘ഇൻഡ്യ’ സഖ്യം അനായാസം ജയിക്കേണ്ടതായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ.പി എന്തും ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രമുഖർ ചൂണ്ടിക്കാണിക്കുന്നത്.

35 അംഗ കോർപറേഷനിൽ ബി.ജെ.പിക്ക് 14ഉം എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്. എന്നാൽ, എ.എ.പിയുടെ കുൽദീപ് കുമാറിനെ തോൽപിച്ച് ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ കുൽദീപ് കുമാറിന് ലഭിച്ചത് 12 ആണ്. ‘ഇൻഡ്യ’ സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ് ‘അസാധു’വായി പ്രഖ്യാപിച്ചതാണ് നിർണായകമായത്. ഇതാണ് ബി.ജെ.പിയുടെ ‘ചതി’യായി വിശേഷിപ്പിക്കപ്പെട്ടത്. വോട്ടെണ്ണുമ്പോൾ പ്രിസൈഡിങ് ഓഫിസർ ചില അടയാളങ്ങളിട്ട് ​കൃത്രിമം നടത്തിയെന്നാണ് വിഡിയോ പങ്കുവെച്ച് എ.എ.പി ആരോപിക്കുന്നത്. ഇത് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണ്.

ജനുവരി 18ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫിസറുടെ അസുഖം പറഞ്ഞ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. വിഷയത്തിൽ ഇടപെട്ട പഞ്ചാബ്-ഹരിയാന ഹൈകോടതി തെരഞ്ഞെടുപ്പ് ജനുവരി 30ന് മുമ്പ് നടത്തണമെന്ന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഫലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ‘ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ പകൽവെളിച്ചത്തിൽ തട്ടിപ്പ് നടത്തിയ രീതി അങ്ങേയറ്റം ആശങ്കാജനകമാണ്. ഒരു മേയർ തെരഞ്ഞെടുപ്പിൽ ഇത്തരക്കാർക്ക് ഇത്രയും തരംതാഴാൻ കഴിയുമെങ്കിൽ, അവർക്ക് രാജ്യത്തെ തെരഞ്ഞെടുപ്പിൽ ഏതറ്റം വരെയും പോകാനാകും. ഇത് വളരെ ആശങ്കാജനകമാണ്’ -കെജ്രിവാൾ എക്സിൽ കുറിച്ചു.

പ്രിസൈഡിങ് ഓഫിസർക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.എ.പി എം.പി രാഘവ് ഛദ്ദ ക്രിമിനൽ കേസ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ എ.എ.പി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ബുധനാഴ്ച അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കും. വോട്ടെടുപ്പിൽ തട്ടിപ്പ് ആരോപിച്ച് എ.എ.പി-കോൺഗ്രസ് പ്രവർത്തകർ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - India Alliance has 20 members, BJP has 14; BJP's foul play in Chandigarh mayor poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.