ന്യൂഡൽഹി / ഇസ് ലാമാബാദ്: സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള കർതാർപുർ ഇടനാഴിയിലൂടെയുള്ള യാത്രക്ക് ഇന്ത്യയും പാകിസ്താനും വിലക്കേർപ്പെടുത്തുന്നു. കോവിഡ്-19 വൈറസ് ഭീതിയെ തുടർന്നാണ് നടപടി.
ഇടനാഴി അടക്കാൻ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായും ഇതുസംബന്ധിച്ച അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്. ലാൻഡ് പോർട്ട്സ് അതോറിറ്റി ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥനും ഇക്കാര്യം വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ തങ്ങളുടെ പൗരന്മാർക്ക് കർതാർപൂർ ഇടനാഴിയിൽ പാകിസ്താൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ നടപടി.
ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗത്തിനു ശേഷം പാക് പ്രധാനമന്ത്രി ഇംറാൻ ഖാനാണ് പാക് പൗരന്മാരെ വിലക്കിയ കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. ഇടനാഴി വഴി ഇന്ത്യയിൽനിന്നെത്തുന്ന തീർഥാടകരെ തടയില്ലെന്നും ദർബാർ സാഹിബ് ഗുരുദ്വാര അടക്കില്ലെന്നും ഇംറാൻ അറിയിച്ചിരുന്നു. പാകിസ്താനിൽ ഇതുവരെ 28 പേർക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽനിന്ന് നാലു കിലോമീറ്റർ അകലെ പാകിസ്താനിലെ നരോവൽ ജില്ലയിലെ കർതാർപുരിലെ ഗുരുദ്വാരവരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നത് ദർബാർ സാഹിബിലാണ്. ദിവസവും 5000 തീർഥാടകർക്ക് ഇന്ത്യയിൽനിന്ന് ഗുരുദ്വാര സന്ദർശിക്കാൻ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.