സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി: 500 പേർ പോർട്ട് സുഡാനിൽ എത്തി

ന്യൂഡൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള വലിയ ദൗത്യം ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഏകദേശം 500 ഇന്ത്യക്കാരെ പോർട്ട് സുഡാനിലെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ കാവേരി എന്നാണ് രക്ഷാപ്രവർത്തനത്തിന് പേരിട്ടിരിക്കുന്നത്. കൂടുതൽ പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. അവരെ നാട്ടിലെത്തിക്കാൻ നമ്മുടെ കപ്പലുകളും വിമാനങ്ങളും സജ്ജമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഖാർത്തൂമിലടക്കം വിമാനത്താവളങ്ങൾ അടച്ചിട്ടതും ഒഴിപ്പിക്കൽ നടപടിക്ക് തിരച്ചടിയായിരുന്നു. തുടർന്നാണ് സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലൂടെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യ ചർച്ചകൾ ആരംഭിച്ചത്.

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി എയർഫോഴ്സ് വിമാനം സൗദിയിലും ഐ.എൻ.എസ് സുമേധ കപ്പൽ പോർട്ട് സുഡാനിലും എത്തിയതായി വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചിരുന്നു. ശനിയാഴ്ച 12 രാജ്യങ്ങളിൽ നിന്നുള്ള 150 പേരെ സൗദി അറേബ്യയിൽ എത്തിയിച്ചിരുന്നു.

ഇന്ന് രാവിലെ ഇന്ത്യ അടക്കം 28 രാജ്യങ്ങളിൽനിന്നുള്ള 388 പേരെ ഫ്രാൻസ് രക്ഷപ്പെടുത്തി. യു.എസ് ഖാർത്തൂമിലെ എംബസി താൽക്കാലികമായി അടക്കുകയും പൗരൻമാരെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഏപ്രിൽ 15നാണ് തലസ്ഥാനമായ ഖാർത്തൂമിൽ അടക്കം സുഡാൻ സൈന്യവും അർധ സൈനിക വിഭാഗവും തമ്മിൽ സംഘർഷം ആരംഭിച്ചത്. ഇതിനകം 400ൽ അധികം സാധാരണക്കാർ സംഘർഷത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - India Begins Operation Kaveri, 500 Citizens Reach Port Sudan For Evacuation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.