ന്യൂഡൽഹി: അടിയന്തരാവസ്ഥ കൊണ്ട് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ നോക്കിയ മോദി സർക്കാറിനെതിരെ ‘നീറ്റി’ൽ ഒന്നിച്ചിറങ്ങി തിരിച്ചടിക്കാൻ ഇൻഡ്യ. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച മാറ്റിവെച്ച് ‘നീറ്റ്’ അടക്കമുള്ള മത്സരപരീക്ഷകളുടെ ചോർച്ച ചർച്ച ചെയ്യണമെന്ന് പാർലമെന്റിന്റെ ഇരുസഭകളിലും ആവശ്യപ്പെടാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വ്യാഴാഴ്ച ചേർന്ന ഇൻഡ്യ ഘടക കക്ഷികളുടെ യോഗം തീരുമാനിച്ചു. ലോക്സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയും വിഷയമുന്നയിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മറുപടി പറയണമെന്ന് ആവശ്യപ്പെടാനും അല്ലാത്തപക്ഷം സഭ സ്തംഭിപ്പിക്കാനും യോഗത്തിൽ ധാരണയായി.
ഇതിന് പുറമെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൈവിടില്ലെന്നും ഇൻഡ്യ യോഗം വ്യക്തമാക്കി. കെജ്രിവാളിനും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനുമെതിരെ അന്വേഷണ ഏജൻസികൾ നടത്തുന്ന വേട്ടയിൽ തിങ്കളാഴ്ച പാർലമെന്റിൽ പ്രതിഷേധിക്കാനും സഖ്യം തീരുമാനിച്ചു. ചാഞ്ചാടി നിൽക്കുന്ന തൃണമൂൽ കോൺഗ്രസും ഇൻഡ്യയുടെ ഈ തീരുമാനത്തിന് ഒപ്പം നിൽക്കും. വെള്ളിയാഴ്ച പ്രതിഷേധ പ്രകടനവുമായി പാർലമെന്റിലേക്ക് ഇൻഡ്യ എം.പിമാർ ഒന്നിച്ച് നീങ്ങും. അതിന് ശേഷമാകും ഇരുസഭകളിലും അടിയന്തര ചർച്ച ആവശ്യപ്പെടുക.
അടിയന്തരാവസ്ഥ ചർച്ച സജീവമാക്കി നിർത്തി കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ നീക്കത്തിന് തടയിടാനുള്ള ബി.ജെ.പി തന്ത്രത്തെ ഇതിലൂടെ ഒന്നിച്ച് നേരിടുകയാണ് ഇൻഡ്യ. അടിയന്തരാവസ്ഥക്കെതിരെ സ്പീക്കർ ചട്ട വിരുദ്ധമായ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിലും സർക്കാർ അജണ്ട വെളിവായിരുന്നു. എന്നാൽ, അടിയന്തരാവസ്ഥക്ക് ഇരയായ ഇടതു പാർട്ടികളും സോഷ്യലിസ്റ്റുകളുമെല്ലാം ഈ അജണ്ട തള്ളിക്കളഞ്ഞ് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു.
പാർലമെന്റിന്റെ ഇരുസഭകളിലും നീറ്റിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് ഇൻഡ്യ പാർട്ടികൾ രംഗത്തുവന്നാൽ ധർമേന്ദ്ര പ്രധാൻ മറുപടി നൽകുന്ന തരത്തിൽ ചർച്ചക്ക് തയാറാകാനാണ് സർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.