ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ലോക്സഭ തെരഞ്ഞെടുപ്പിൽ യൂ.പിയിൽ സമാജ്വാദി പാർട്ടി 65 സീറ്റിൽ മത്സരിക്കുമെന്ന് ധാരണയായതിന് ശേഷമാണ് പ്രതികരണം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലല്ല, പാർലമെന്റ് തെരഞ്ഞെടുപ്പിൽ മാത്രമേ സഖ്യമുണ്ടാകൂവെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
"ഇതുവരെ ഏർപ്പെട്ടിട്ടുള്ള എല്ലാ സഖ്യത്തിലും അംഗങ്ങൾക്ക് പൂർണ ബഹുമാനം നൽകാനാണ് സമാജ്വാദി പാർട്ടി ശ്രമിച്ചിട്ടുള്ളത്. സഖ്യത്തിലെ ആരേയും ഇതുവരെ പാർട്ടി നിരാശപ്പെടുത്തിയട്ടില്ല. ഭാവിയിലും ആരും നിരാശപ്പെടേണ്ടി വരില്ല"- അഖിലേഷ് യാദവ് പറഞ്ഞു.
മധ്യപ്രദേശിലെ സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസുമായി അടുത്തിടെയുണ്ടായ തർക്കം അവസാനിച്ചുവെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇ.ഡിയുടെ നോട്ടീസ് ലഭിച്ചതിനെ സംബന്ധിച്ച്, കെജ്‌രിവാളോ അസംഖാനോ സമാജ്‌വാദി പാർട്ടിയുടെ നിയമസഭാംഗങ്ങളോ ആകട്ടെ അവർ ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചാൽ അവർക്കെതിരെ കേസെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെജ്രിവാളിന്‍റെയും അസംഖാന്‍റെയും കുടുംബങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്നും തങ്ങളെ തകർക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്താൽ മുഴുവൻ പാർട്ടിയും നിരാശപ്പെടുമെന്ന് ബി.ജെ.പി കരുതുന്നു. പക്ഷേ പൊതുജനങ്ങളിലും ജുഡീഷ്യറിയിലും പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ 80 ലോക്സഭ സീറ്റുകളിൽ 65 സീറ്റുകളിൽ സമാജ്വാദി പാർട്ടിയും 15 സീറ്റുകളിൽ കോൺഗ്രസും ഇന്ത്യൻ സഖ്യത്തിലെ മറ്റംഗങ്ങൾളും മത്സരിക്കാൻ ധാരണയായിരുന്നു. മത്സരിക്കാൻ യോഗ്യരായ സ്ഥാനാർഥികളുടെ പട്ടിക തീരുമാനിച്ചെന്നും സമാജ്വാദി പാർട്ടി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.