ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ ചൈന -പാക് രാജ്യങ്ങൾ നടത്തുന്ന സൈനിക വിന്യാസം നിരീക്ഷിക്കുന്നതിന് പർവ്വതമേഖലകളെ കൂടി ഉൾപ്പെടുത്തി മണാലിയിൽ നിന്ന് ലേയിക്ക് പുതിയ റോഡ് നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. ശത്രുരാജ്യങ്ങളുടെ നിരീക്ഷണത്തിൽ പെടാതെ യുദ്ധക്കോപ്പുകൾ അതിർത്തിയിൽ വിന്യാസിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ റൂട്ട്.
മണാലിയിൽ നിന്ന് ലേയിലേക്ക് നിമു-പദം-ഡാർച്ച വഴി പരസ്പര ബന്ധം നൽകുന്ന തരത്തിലുള്ള റൂട്ട് നിർമിക്കാനാണ് ശ്രമം. ഇത് ശ്രീനഗറിൽ നിന്ന് സോജില പാസിലൂടെ കടന്നുപോകുന്ന നിലവിലുള്ള റൂട്ടുകളെയും മണാലിയിൽ നിന്ന് ലേയിലേക്ക് സാർച്ചു വഴിയുള്ള മറ്റ് റോഡുകളെ അപേക്ഷിച്ച് ധാരാളം സമയം ലാഭിക്കാൻ സഹായിക്കുമെന്ന് കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ റോഡ് നിലവിൽ വരുന്നതോടെ മണാലിയിൽ നിന്ന് ലേയിലേക്കുള്ള യാത്രയിൽ മൂന്നോ നാലോ മണിക്കൂർ സമയം ലാഭിക്കാം. സൈനികരെയും ടാങ്കുകളും വലിയ റേഞ്ചിലുള്ള ആയുധങ്ങളും വിന്യസിക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിെൻറ മുന്നേറ്റം നിരീക്ഷിക്കാൻ പാകിസ്താനോ മറ്റ് ശത്രുക്കൾക്കോ സാധിക്കാത്ത തരത്തിലും ലഡാക്കിലേക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നും യുദ്ധക്കോപ്പുകൾ എത്തിക്കാവുന്ന തരത്തിലുമാകും പുതിയ റോഡ് നിർമിക്കുക.
ചരക്ക് ഗതാഗതത്തിനും യാത്രക്കും പ്രധാനമായും ഉപയോഗിക്കുന്ന റൂട്ട് സോജിലയിൽ നിന്ന് ഡ്രാസ്-കാർഗിൽ വഴിയാണ് ലേയിലെത്തുക. 1999ലെ കാർഗിൽ യുദ്ധസമയത്ത് ഇൗ പാത പാകിസ്താൻ ലക്ഷ്യമിട്ടിരുന്നു. റോഡിനരികിലുള്ള ഉയർന്ന പർവതനിരകൾക്കിടയിൽ പതുങ്ങിയിരുന്ന പാക് സൈനികരുടെ ബോംബാക്രമണത്തിനും ഷെല്ലാക്രമണത്തിനും ഇന്ത്യൻ സൈനികർ ഇരകളായിരുന്നു.
അടുത്തിടെ ചൈനയുമായുണ്ടായ സംഘർഷത്തിന് ശേഷം മേഖലയിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നിമുവിനെ ബന്ധിപ്പിച്ച് മണാലിയിൽ നിന്ന് ലേക്ക് പുതിയ റോഡ് ഉടൻ പണികഴിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
തന്ത്രപ്രധാനമായ ദർബുക്-ഷ്യോക്-ദൗലത് ബേഗ് ഓൾഡി റോഡിന് ബദലായി, പടിഞ്ഞാറു ഭാഗത്തുനിന്ന് കിഴക്കൻ ലഡാക്ക് പ്രദേശങ്ങളിൽ യാത്രക്കാർ ഉപയോഗിച്ചിരുന്ന പഴയ വേനൽക്കാല പാത വികസിപ്പിക്കുമെന്നും സർക്കാർ തീരുമാനിച്ചിരുന്നു. പുതിയ റോഡ് ലേയിൽ നിന്ന് കാർദുംഗ്ലയിലേക്ക് പോകുകയും തുടർന്ന് ഹിമാനികളിലൂടെ സസോമ-സാസർ ലാ-ഷ്യോക്ക്, ദൗലത് ബേഗ് ഓൾഡി എന്നിവയെ ബന്ധിപ്പിക്കുകയും ചെയ്യും. ഡി.എസ്.ഡി.ബി.ഒ റോഡിന് ബദൽ കണ്ടെത്താനും സിയാച്ചിൻ ക്യാമ്പിന് സമീപം നിന്ന് ഡി.ബി.ഒ പ്രദേശത്തേക്ക് വരുന്ന റോഡ് പരിശോധിക്കാനും വിദഗ്ധരെ ഏർെപ്പടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.