ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ രണ്ടു മാസമായി തുടരുന്ന അതിർത്തി സംഘർഷത്തിൽ അയവു വരുത്താനുള്ള മൂന്നാംവട്ട സൈനികതല ചർച്ച അപൂർണം. കോർ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച 12 മണിക്കൂർ നീണ്ടെങ്കിലും സൈനിക, നയതന്ത്ര തലത്തിൽ കൂടുതൽ ചർച്ച ആവശ്യമായി വന്നിരിക്കുകയാണ്.
ജൂൺ 22ന് നടന്ന ചർച്ചയേക്കാൾ ഫലപ്രദമായ സംഭാഷണങ്ങളാണ് കഴിഞ്ഞ ദിവസം നടന്നതെന്ന സൂചനയൊന്നുമില്ല. സംഘർഷ പ്രദേശത്തു നിന്ന് പിന്മാറുന്നതിന് ഇരുപക്ഷവും നേരത്തെ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നെങ്കിലും, ആ തീരുമാനം നടപ്പായില്ല. കൂടുതൽ സേനാ വിന്യാസം ഇരുപക്ഷവും നടത്തുകയും ചെയ്തു.
അതിർത്തി സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ രണ്ടു രാജ്യങ്ങളുടെയും കോർ കമാൻഡർമാരാണ് ജൂൺ 30ന് ചർച്ച നടത്തിയത്. ഘട്ടംഘട്ടമായി സംഘർഷത്തിൽ അയവു വരുത്തേണ്ടതിെൻറ പ്രാധാന്യം രണ്ടു രാജ്യങ്ങളും ഊന്നി പറഞ്ഞുവെങ്കിലും, സംഘർഷ ഭൂമിയിൽ നിന്നുള്ള പിന്മാറ്റം സങ്കീർണമാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിലയിരുത്തുന്നു. കൂടുതൽ ചർച്ച ആവശ്യമായതിനാൽ കഴിഞ്ഞ ദിവസത്തെ ചർച്ചാ പുരോഗതിയുടെ വിശദാംശങ്ങൾ ഇരുപക്ഷവും വെളിപ്പെടുത്തിയിട്ടില്ല.
പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് വെള്ളിയാഴ്ച ലഡാക്ക് സന്ദർശിച്ചേക്കും. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തും. അതേസമയം, കിഴക്കൻ ലഡാക്കിലെ യഥാർഥ അതിർത്തി നിയന്ത്രണ രേഖയിലെ ചില സംഘർഷ മേഖലയിൽനിന്ന് ചൈനീസ് സൈനികരെ പിൻവലിക്കാൻ ധാരണയായതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
ഗൽവാൻ താഴ്വരയിൽനിന്ന് ഹോട്സ്പ്രിങ്സ് മേഖല വരെയുള്ള 14, 15, 17 പട്രോളിങ് പോയൻറുകളിൽനിന്ന് ചൈനീസ് സേന നൂറു മീറ്ററിലേറെ പിൻവാങ്ങാനാണ് ധാരണയായത്. ഇന്ത്യ അവകാശവാദമുന്നയിച്ച ഭൂപ്രദേശമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.