ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിലെ സംഘർഷ ഭൂമിയിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ക്യാമ്പുകളിലേക്ക് പിന്മാറിത്തുടങ്ങി. പരസ്പരം ഏറ്റുമുട്ടിയ സ്ഥലങ്ങളിൽ ഇരുകൂട്ടരും താൽക്കാലികമായൊരുക്കിയ തമ്പുകളും നീക്കംചെയ്തു തുടങ്ങി.
കഴിഞ്ഞയാഴ്ച ഇരു രാജ്യങ്ങളും തമ്മിൽ ൈസനിക പട്രോളിങ്ങിനുള്ള ധാരണയിലെത്തുകയും റഷ്യയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ മോദി - ഷീ കൂടിക്കാഴ്ച നടക്കുകയും ചെയ്തതോടെയാണ് സൈനിക പിന്മാറ്റത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇരുകൂട്ടരും നിരീക്ഷണങ്ങൾ തുടരുകയും തെറ്റായ വിവരങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യും.
ഡെംചോകിൽനിന്ന് ഇന്ത്യയും ചൈനയും അഞ്ചു വീതം തമ്പുകൾ നീക്കിയെന്ന് വാർത്താ ഏജൻസികൾ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഗ്രൗണ്ട് കമാൻഡർമാർ പതിവ് കൂടിക്കാഴ്ചകൾ തുടരും. പത്ത് തമ്പുകൾ നീക്കം ചെയ്തുവെങ്കിലും ഡെംചോകിൽ ഇനിയും 12 തമ്പുകളുണ്ട്.
ഡെപ്സാങ്ങിൽ താൽക്കാലിക തമ്പുകളിൽ പകുതിയോളം നീക്കംചെയ്തു. ചാർദിങ് നാലയുടെ കിഴക്ക് ഭാഗത്തേക്ക് ഇന്ത്യൻ സൈന്യം മാറി. ഉഭയകക്ഷി സംഭാഷണത്തിന് ശേഷം ഗൽവാൻ വാലി, ഗോഗ്ര ഹോട്ട്സ്പ്രിങ്സ്, പാംഗോങ് സോ എന്നിവിടങ്ങളിൽ ചൈനീസ് സൈനിക വാഹനങ്ങളുടെ എണ്ണം കുറക്കുന്നുമുണ്ട്. ഇരു രാജ്യങ്ങളുടെയും സൈനികർ നിരന്തരം ഉരസിക്കൊണ്ടിരുന്ന ഡെംചോകിലെയും ഡെപ്സാങ്ങിലെയും പിന്മാറ്റം ഈ മാസം 29ഓടെ പൂർത്തിയാകുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, 2020 ഏപ്രിലിന് മുമ്പുള്ള പൂർവ സ്ഥിതിയിലേക്ക് കിഴക്കൻ ലഡാക്കിലെ സൈനിക സാന്നിധ്യം എത്തിക്കുമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയെന്ന അവകാശവാദം ചോദ്യംചെയ്ത് കോൺഗ്രസ് രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.