ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കീഴ്കോടതികളിലുള്ള നിരവധി ജുഡീഷ്യൽ ഓഫിസർമാരെ ഡൽഹി ഹൈകോടതി സ്ഥലം മാറ്റി. അടിയന്തര പ്രാധാന്യത്തോടെയാണ് നടപടി.
ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതി പരിഗണിക്കുന്ന പട്യാല ഹൗസ് കോടതി പോക്സോ സ്പെഷൽ ജഡ്ജി ഛവി കപൂറും സ്ഥലംമാറ്റപ്പെട്ടവരിൽ പെടും. റൗസ് അവന്യു കോടതിയിലേക്കാണ് സ്ഥലം മാറ്റം. ഈ കേസ് പകരം അഡീഷനൽ സെഷൻസ് ജഡ്ജി ഗോമതി മനോച പരിഗണിക്കും.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ മദ്യനയ കുംഭകോണ കേസും ആപ് എം.എൽ.എ അമാനത്തുല്ല ഖാനെതിരെ വഖഫ് തട്ടിപ്പ് കേസുമടക്കം പരിഗണിച്ചിരുന്ന സ്പെഷൽ ജഡ്ജി രാകേഷ് സയാൽ വിരമിച്ച ഒഴിവിൽ അഡീഷനൽ സെഷൻസ് ജഡ്ജി ജിതേന്ദ്ര സിങ് ആകും കേസ് പരിഗണിക്കുക.
ഇതുൾപ്പെടെ ഡൽഹി ജുഡീഷ്യൽ സർവിസസിൽ 233 ജുഡീഷ്യൽ ഓഫിസർമാരുടെയും ഡൽഹി ഹയർ ജുഡീഷ്യൽ സർവിസിൽ 23 ഓഫിസർമാരുടെയും പുതിയ നിയമനമാണ് ഹൈകോടതി പുറപ്പെടുവിച്ചത്. പുതുതായി 70 ജുഡീഷ്യൽ ഓഫിസർമാരുടെ നിയമനവും ഇതിൽ പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.