വിമർശനങ്ങൾക്കു പിന്നാലെ എൻ.സി.ഇ.ആർ.ടിയുടെ ഗണിത, സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിൽ കൂട്ടിച്ചേർക്കൽ

ന്യൂഡൽഹി: വിമർശനങ്ങളെ തുടർന്ന് എൻ.സി.ഇ.ആർ.ടിയുടെ കണക്ക്, സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിൽ കൂട്ടിച്ചേർക്കൽ നടത്താനൊരുങ്ങുന്നു. ആറാം ക്ലാസ് ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങൾ പരിഷ്കരിച്ച് ഒരു വർഷത്തിനുശേഷമാണ് പുതിയ അധ്യായങ്ങൾ ചേർക്കുന്നത്. പരിഷ്കരിച്ച പുസ്തകങ്ങളിൽ സിലബസി​ന്‍റെ ഭാഗമായ പ്രധാന ഉള്ളടക്കമില്ലെന്ന വിമർശനം ഉയർന്നിരുന്നു.

III മുതൽ 12 വരെ ക്ലാസുകൾക്കുള്ള വിദ്യാഭ്യാസ സാമഗ്രികൾ വികസിപ്പിക്കുന്ന നാഷണൽ സിലബസ് ആൻഡ് ടീച്ചിങ് ലേണിംഗ് മെറ്റീരിയൽ കമ്മിറ്റി (NSTC) ലെ രണ്ട് അംഗങ്ങൾ ആണ് കൂട്ടിച്ചേർക്കലുകൾ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്തെല്ലാം ചേർക്കുമെന്നതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല.

ഈ വർഷം പുറത്തിറക്കിയ രണ്ട് പുതിയ പാഠപുസ്തകങ്ങളും തിടുക്കത്തിൽ കൊണ്ടുവന്നതാണെന്ന വിമർശനമുയർന്നിരുന്നു. ആറാം ക്ലാസിലെ ‘ഗണിത പ്രകാശ്’ അക്കാദമിക സെഷൻ ആരംഭിച്ച് നാല് മാസത്തിനുള്ളിൽ ആഗസ്റ്റിലും ‘എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന സോഷ്യൽ സയൻസ് പുസ്തകം ജൂലൈയിലും ആണ് അച്ചടിച്ചത്. ആറാം ക്ലാസിൽ കഴിഞ്ഞ വർഷം വരെ ഉപയോഗിച്ചിരുന്ന കണക്ക് പുസ്തകത്തിൽ നിന്ന് വ്യത്യസ്തമായി, ഗണിത സിലബസി​ന്‍റെ ഭാഗമായ ദശാംശങ്ങൾ, ബീജഗണിതം, അനുപാതം എന്നീ ഉള്ളടക്കങ്ങൾ ഉണ്ടായിരുന്നില്ല.

ഈ വർഷം സി.ബി.എസ്.ഇ സ്കൂളുകളിൽ ആറാം ക്ലാസ് വിദ്യാർഥികൾക്ക് ലഭ്യമാക്കിയ ഗണിത, സാമൂഹിക ശാസ്ത്ര പുസ്തകങ്ങൾ അപൂർണമാണ്. ഇത് സ്കൂൾ വിദ്യാഭ്യാസത്തി​ന്‍റെ നിലവാരം നിലനിർത്തണമെന്ന് പറയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തെ ലംഘിക്കുന്നുവെന്ന് ഡൽഹി യൂനിവേഴ്സിറ്റി എക്സിക്യൂട്ടിവ് കൗൺസിലി​ന്‍റെ ഉപദേശക സമിതി അംഗമായ അശോക് അഗർവാൾ പറയുന്നു. ചില അടിസ്ഥാന വിഷയങ്ങളിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിനാൽ ഈ വർഷത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾ അടുത്ത വർഷം ഏഴാം ക്ലാസിലെ ഗണിതശാസ്ത്രത്തെയും സാമൂഹിക ശാസ്ത്രത്തെയും എങ്ങനെ നേരിടുമെന്നും അഗർവാൾ ആശ്ചര്യപ്പെട്ടു.

വേട്ടയാടലിൽനിന്ന് കൃഷിയിലേക്കുള്ള മാറ്റം, അശോക​ന്‍റെ യുദ്ധം ഉപേക്ഷിക്കൽ, ഗ്രാമ-നഗര ഉപജീവനമാർഗ്ഗം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കിയതിനാണ് ഈ വർഷത്തെ ആറാം ക്ലാസിലെ പുതിയ സാമൂഹിക ശാസ്ത്ര പാഠപുസ്തകം വിമർശിക്കപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ സ്കൂൾ ബോർഡ്, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ചില സംസ്ഥാന ബോർഡുകളും അവരുടെ വിദ്യാർഥികൾക്കായി ചില എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ നിർദേശിക്കുന്നുണ്ട്.

പുതിയ ഗണിത പുസ്തകത്തിൽ എക്സർസൈസുകൾ വളരെ കുറച്ചേ ഉള്ളൂവെന്ന് സ്കൂൾ അധ്യാപകർ പറയുന്നു. ‘ഫിഗർ ഇറ്റ് ഔട്ട്’ വിഭാഗത്തിൽ കൂടുതൽ ചോദ്യങ്ങൾ ചേർക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. 2025-26 സെഷനിൽ പുസ്‌തകത്തിൽ ചേർക്കേണ്ട അധ്യായങ്ങളിൽ ദശാംശത്തിൽ ഒരെണ്ണം ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നും ഒരു NSTC അംഗം പറഞ്ഞു.

അതിനിടെ, ഡൽഹിയിലെ സർക്കാർ -സ്വകാര്യ സ്‌കൂളുകളിലുടനീളം 10 ബാഗ് രഹിത ദിനങ്ങൾ നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ചൊവ്വാഴ്ച പുറത്തിറക്കി. ആറു മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി സ്‌കൂളുകളിൽ 10 ബാഗ് രഹിത ദിനങ്ങൾ നടപ്പാക്കാൻ എല്ലാ സ്‌കൂളുകളുടെയും മേധാവികളോട് ഡയറക്ടറേറ്റ് സർക്കുലറിൽ നിർദേശിച്ചു. എൻ.സി.ഇ.ആർ.ടിയാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്.

Tags:    
News Summary - Textbook revision within a year: Additions to NCERT maths, social science books amid criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.