ന്യൂഡല്‍ഹി: ചാരക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഖുല്‍ഭൂഷണ്‍ യാദവിനും ഹാമിദ് നിഹാല്‍ അന്‍സാരിക്കും കോണ്‍സുലാര്‍ സഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളിലും കസ്റ്റഡിയിലുള്ള പൗരന്മാരുടെ പട്ടിക പരസ്പരം കൈമാറിയതിനു പിന്നാലെയാണ് യാദവിനും അന്‍സാരിക്കും അടക്കം എല്ലാവര്‍ക്കും കോണ്‍സുലാര്‍ സഹായം ലഭ്യമാക്കാന്‍ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ടതായി ഇന്ത്യ അറിയിച്ചത്. ഇക്കാര്യത്തില്‍ പാകിസ്താന്‍െറ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടാവുമെന്ന പ്രതീക്ഷയിലാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മാര്‍ച്ചില്‍ ബലൂചിസ്താനില്‍നിന്ന് പിടിയിലായ ഖുല്‍ഭൂഷണ്‍ യാദവ് ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനാണെന്നും ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ക്കുവേണ്ടി രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുകയാണെന്നുമാണ് പാക് ആരോപണം. നാവികസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും യാദവിന് സര്‍ക്കാറുമായി ഒരു ബന്ധവുമില്ളെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട കൂട്ടുകാരിയെ തേടി 2012ല്‍ അഫ്ഗാന്‍ അതിര്‍ത്തി വഴി പാകിസ്താനിലത്തെിയപ്പോഴാണ് ഹാമിദ് നിഹാല്‍ അന്‍സാരി പിടിയിലായത്. പാക് സൈനിക കോടതിയില്‍ വിചാരണക്ക് വിധേയനാക്കപ്പെട്ട അന്‍സാരിക്കെതിരെയും ചാരക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
2008 മേയ് 21ന് ഒപ്പുവെച്ച കോണ്‍സുലാര്‍ സഹായ ഉടമ്പടി പ്രകാരം ഇരുരാജ്യങ്ങളും വര്‍ഷത്തില്‍ രണ്ടുതവണ (ജനുവരി ഒന്നിനും ജൂലൈ ഒന്നിനും) കസ്റ്റഡിയിലുള്ളവരുടെ പട്ടിക പരസ്പരം കൈമാറണം. ഇതില്‍പെടുന്നവര്‍ക്ക് കോണ്‍സുലാര്‍ സഹായം ലഭ്യമാക്കാന്‍ സംവിധാനമേര്‍പ്പെടുത്തമെന്നാണ് കരാര്‍ വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.