ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ നില വീണ്ടും മോശമായതിന് ഒരു കാരണം കോവിഡ് നിയന്ത്രണങ്ങളെന്ന് റിപ്പോർട്ട്. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലോകത്ത് ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യയിലാണെന്നും റിപ്പോർട്ട് പറയുന്നു. വ്യാഴാഴ്ച പുറത്തുവിട്ട 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. വിശപ്പ് ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ 107 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു.
അയൽരാജ്യങ്ങളെല്ലാം ഇന്ത്യയെക്കാൾ മുമ്പിലാണ്. പാക്കിസ്ഥാൻ (92), നേപ്പാൾ (76), ബംഗ്ലാദേശ് (76) എന്നിങ്ങനെയാണ് ആഗോള വിശപ്പ് സൂചിക. ദേശീയ, പ്രാദേശിക, ആഗോളതലങ്ങളിൽ 2030നകം പട്ടിണി ഇല്ലാതാക്കാനുള്ള പ്രധാന സൂചകങ്ങളാണ് സൂചിക പിന്തുടരുന്നത്.
എന്താണ് ലോക പട്ടിണി സൂചിക
ഐറിഷ് ഏജൻസിയായ കൺസേൺ വേൾഡ് വൈഡും ജർമൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിൽ ഇന്ത്യയിലെ പട്ടിണിയുടെ അളവ് 'ഭയപ്പെടുത്തുന്നതാണ്'എന്നാണ് പറയുന്നത്.
ഗ്ലോബൽ ഹംഗർ ഇൻഡക്സ് സ്കോർ നാല് സൂചകങ്ങളിലാണ് കണക്കാക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളുടെ ഭക്ഷണം പാഴാക്കൽ, കുട്ടികളിലെ വളർച്ച മുരടിപ്പ്, കുട്ടികളിലെ മരണ നിരക്ക് എന്നിവയാണ് ഇൗ മാനദണ്ഡങ്ങൾ.
റിപ്പോർട്ട് അനുസരിച്ച്, വിശപ്പിനെതിരായ പോരാട്ടം ലോകത്താകമാനം അപകടകരമാംവിധം ദുർബലമാണ്. ഭക്ഷ്യസുരക്ഷ ഒന്നിലധികം മേഖലകളിൽ വെല്ലുവിളി നേരിടുന്നു. സംഘർഷം, ആഗോള കാലാവസ്ഥ വ്യതിയാനങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക, ആരോഗ്യ വെല്ലുവിളികൾ എന്നിവയെല്ലാം വിശപ്പ് വർധിപ്പിക്കുന്നയിന് കാരണമായി.
പാപ്പുവ ന്യൂഗിനിയ (102), അഫ്ഗാനിസ്ഥാൻ (103), നൈജീരിയ (104), കോംഗോ (105), മൊസാംബിക് (106), സിയേറ ലിയോൺ (107), തിമോർ ലെസ്‌തെ (108), ഹെയ്തി (109), ലൈബീരിയ (110), മഡഗാസ്‌കർ (111), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (112), ഛാഡ് (113), സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് (114), യെമൻ (115), സോമാലിയ (116) എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഇന്ത്യയെക്കാൾ പട്ടിണിയുള്ളത്.
പോഷകാഹാരക്കുറവ്, കുട്ടികളെ ഉപേക്ഷിക്കൽ, ശിശു മന്ദത, ശിശുമരണനിരക്ക് എന്നീ നാല് സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി പട്ടിക നിർണയിക്കുന്നത്.ചൈന, ബ്രസീൽ, കുവൈറ്റ് എന്നിവയുൾപ്പെടെ 18 രാജ്യങ്ങൾ ഗ്ലോബൽ ഹംഗർ ഇൻഡക്സ് (ജി.എച്ച്.ഐ) സ്കോർ അഞ്ചിൽ താഴെയായി ഉയർന്ന റാങ്ക് പങ്കിടുന്നുവെന്ന് വിശപ്പും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ആഗോള പട്ടിണി സൂചികയുടെ വെബ്സൈറ്റ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.