ഇബ്രാഹിം റഈസിയുടെ മരണം: ഇന്ത്യയിൽ ദുഃഖാചരണം; പരിപാടികൾ മാറ്റി, ദേശീയപതാക താഴ്ത്തിക്കെട്ടും

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണത്തിൽ അനുശോചിച്ച് ചൊവ്വാഴ്ച ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക പരിപാടികൾ മാറ്റി. രാജ്യമൊട്ടാകെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

റഈസിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഈസി നൽകിയ സംഭാവനകൾ ഓർമിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍റെ പ്രസിഡന്‍റ് ഡോ. സെയ്ദ് ഇബ്രാഹിം റഈസിയുടെ ദാരുണ വിയോഗത്തിൽ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. അദ്ദേഹത്തിന്‍റെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും എന്‍റെ അനുശോചനം അറിയിക്കുന്നു. ഈ ദു:ഖസമയത്ത് ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു’ -മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

റഈസിയുടെ മരണത്തിൽ പാകിസ്താനും ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തികെട്ടി.

ഞായറാഴ്ച ഉച്ചമുതൽ മണിക്കൂറുകൾ നീണ്ട ആശങ്കക്കും ആകാംക്ഷക്കുമൊടുവിൽ ഇറാൻ ജനതയെയും ലോകത്തെയും നടുക്കിയാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമടക്കം കൊല്ലപ്പെട്ടുവെന്ന ദുരന്ത വാർത്ത എത്തിയത്.

എട്ടുപേർ സഞ്ചരിച്ച ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ അസർബൈജാൻ അതിർത്തിയിലെ ജുൽഫയിൽ വനമേഖലയിലെ മലമുകളിൽ തിങ്കളാഴ്ച രാവിലെ രക്ഷാപ്രവർത്തകർ കണ്ടെത്തുകയായിരുന്നു. കോപ്ടറിലുണ്ടായിരുന്നവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ വീണ്ടെടുത്തു. കനത്ത മഞ്ഞിൽ നിയന്ത്രണം നഷ്‍ടമായ യു.എസ് നിർമിത ബെൽ 212 ഹെലികോപ്ടർ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് ഇറാൻ അധികൃതരുടെ വിശദീകരണം.

രാജ്യത്ത് അഞ്ചുദിവസം ദുഃഖാചരണം പ്രഖ്യാപിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, ഇടക്കാല പ്രസിഡന്റായി വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. ഉപവിദേശകാര്യ മന്ത്രി അലി ബാഖിരി കനിക്ക് വിദേശകാര്യ മന്ത്രിയുടെ താൽക്കാലിക ചുമതല നൽകി. 50 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും. തിങ്കളാഴ്ച രാവിലെ അടിയന്തര മന്ത്രിസഭ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തബ്രീസ് നഗരത്തിലേക്ക് മാറ്റി. റഈസിയുടെ ഭൗതികദേഹം രാജ്യ തലസ്ഥാനത്തെത്തിച്ച് ജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരം നൽകിയശേഷം ജന്മദേശമായ മശ്ഹദിലേക്ക് കൊണ്ടുപോകും. അവിടെയാകും ഖബറടക്കം. ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനശേഷം തബ്രീസിലേക്ക് മടങ്ങവെയാണ് റഈസിയടക്കം മുതിർന്ന നേതാക്കൾ സഞ്ചരിച്ച ഹെലികോപ്ടർ കാണാതായത്.

വിവരമറിഞ്ഞയുടൻ സൈനികരടക്കം 70ഓളം രക്ഷാസംഘങ്ങളെ തിരച്ചിലിനായി നിയോഗിച്ചു. ജുൽഫ വനമേഖലയിൽ പറന്ന തുർക്കിയ ഡ്രോൺ, കോപ്ടർ തകർന്നുവീണ സ്ഥലം കണ്ടെത്തി. തുടർന്ന് അവിടെയെത്തി രക്ഷാസംഘം മൃതദേഹങ്ങൾ വീണ്ടെടുക്കുകയായിരുന്നു. റഈസിയുടെ നിര്യാണത്തിൽ ലോകനേതാക്കൾ അനുശോചിച്ചു.

Tags:    
News Summary - "India Stands With Iran": PM Modi Condoles President Ebrahim Raisi's Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.