മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും കോടികൾ പൊടിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാറിെൻറ സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ ശിവസേന. കോവിഡ് വരുത്തിവെച്ച ദുരന്തം കൈകാര്യം ചെയ്യാൻ ചെറിയ രാജ്യങ്ങൾ വരെ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കാൻ പോലും മോദി സർക്കാർ തയാറാകുന്നില്ലെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയിൽ ചൂണ്ടിക്കാട്ടുന്നു. മുൻ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, മൻമോഹൻ സിങ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ 70 വർഷത്തിനിടയിൽ സൃഷ്ടിച്ച സംവിധാനങ്ങളാണ് ഇൗ ദുഷ്‌കരമായ സമയത്തും രാജ്യത്തെ അതിജീവിക്കാൻ സഹായിക്കുന്നതെന്നും എഡിറ്റോറിയൽ വ്യക്തമാക്കി.
'കൊറോണ വൈറസ് രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതിനാൽ ഇന്ത്യയിൽനിന്ന് ലോകത്തിന് തന്നെ ഭീഷണിയുണ്ടെന്ന് യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടത്തിൽ പരമാവധി രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു. ബംഗ്ലാദേശ് 10,000 റെംഡെസിവിർ കുപ്പികൾ അയച്ചപ്പോൾ ഭൂട്ടാൻ മെഡിക്കൽ ഓക്സിജൻ നൽകി. നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക എന്നിവയും 'ആത്മനിർഭർ' ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നിട്ടും മോദി സർക്കാർ സെൻട്രൽ വിസ്തയുടെ പേരിൽ ധൂർത്ത് തുടരുകയാണ്.
നെഹ്‌റു-ഗാന്ധി കുടുംബം സൃഷ്ടിച്ച വ്യവസ്ഥകൾ കാരണമാണ് ഇന്ത്യ ഇപ്പോൾ നിലനിൽക്കുന്നത്. പല ദരിദ്ര രാജ്യങ്ങളും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്യുന്നു. നേരത്തെ പാകിസ്ഥാൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങൾ മറ്റുള്ളവരുടെ സഹായം തേടിയിരുന്നു. മോദി സർക്കാറിെൻറ തെറ്റായ നയങ്ങൾ കാരണം ഇന്ത്യ ഇപ്പോൾ ആ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
ദരിദ്ര രാജ്യങ്ങൾ ഇന്ത്യയെ തങ്ങളുടേതായ രീതിയിൽ സഹായിക്കുന്നുണ്ടെങ്കിലും 20,000 കോടി രൂപ ചെലവഴിച്ചുള്ള സെൻട്രൽ വിസ്തയെന്ന സ്വപ്നപദ്ധതി നിർത്തിവെക്കാൻ തയാറാകാത്തതിൽ ആർക്കും ഖേദമില്ലാത്തത് ആശ്ചര്യമാണ്.
കോവിഡിെൻറ മൂന്നാം തരംഗം കൂടുതൽ കഠിനമാകുമെന്ന് വിദഗ്ധർ പ്രവചിച്ചിട്ടുണ്ട്. ഇതിനെതിരെ പോരാടുന്നതിന് പകരം പശ്ചിമ ബംഗാളിൽ മമതാ ബാനർജിയെ ഒതുക്കാനുള്ള പ്രയ്തനത്തിലാണ് ബി.ജെ.പി സർക്കാർ. സൂക്ഷ്മബോധവും ദേശീയവാദിയുമായ ഒരു സർക്കാർ രാഷ്ട്രീയ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ പകർച്ചവ്യാധിയെ പരാജയപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യാൻ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കണം.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ ചുമതല നൽകണമെന്നാണ് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി അഭിപ്രയാപ്പെട്ടത്. നിലവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പൂർണമായും പരാജയപ്പെട്ടു എന്നതിെൻറ തെളിവാണിത്.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ആഗോളതലത്തിൽ സജീവമായ അഞ്ച് രോഗികളിൽ ഒരാൾ ഇന്ത്യയിലാണ്. വൈറസ് മൂലമുള്ള മരണത്തിെൻറ കാര്യത്തിൽ ഇന്ത്യ അമേരിക്കയെയും ബ്രസീലിനെയും പിന്നിലാക്കി. ലോകം ഇപ്പോൾ ഇന്ത്യയെ ഭയപ്പെടുകയാണ്. നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ ഇന്ത്യയിലേക്കുള്ള പോകുന്നത് തടഞ്ഞിട്ടുണ്ട്. ഇതെല്ലാം രാജ്യത്തിെൻറ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നു.
പണ്ഡിറ്റ് നെഹ്‌റു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു, മൻമോഹൻ സിങ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സർക്കാറുകൾ കൊണ്ടവുന്ന വികസന പ്രവർത്തനങ്ങൾ, നടപ്പാക്കിയ പദ്ധതികൾ, അത് നൽകിയ ആത്മവിശ്വാസം എന്നിവ കാരണമാണ് രാജ്യം ഇപ്പോഴും അതിജീവിക്കുന്നത്. മഹാമാരിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ പ്രധാനമന്ത്രി വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഒപ്പം രാഷ്ട്രീയേതര ദേശീയതയെക്കുറിച്ച് ചിന്തിക്കേണ്ടതുമാണ് ^സാമ്നയുടെ എഡിറ്റോറിയൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.