ഇന്ത്യക്ക് അഞ്ച് സൈനിക തിയറ്റർ കമാൻഡുകൾ; രണ്ടെണ്ണം ചൈനയെയും പാകിസ്താനെയും നേരിടാൻ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനും സമന്വയിപ്പിച്ച് പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനുമായി സേനയെ അഞ്ച് തിയറ്റര്‍ കമാന്‍ഡുകളാക്കാൻ നടപടി ആരംഭിച്ചതായി റിപ്പോർട്ട്. ഒാരോ കമാന്‍ഡുകൾക്കും പ്രവർത്തന മേഖല വീതിച്ചു നൽകും. ഒാരോ മേഖലയിലെയും കമാൻഡുകൾക്ക് തീരുമാനമെടുത്ത് തടസമില്ലാതെ പ്രവർത്തിക്കാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. 2022ൽ അഞ്ച് കമാൻഡുകളും പ്രാബല്യത്തിൽ വരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വടക്കൻ, പടിഞ്ഞാറൻ, ഉപഭൂഖണ്ഡം, വ്യോമ, നാവിക എന്നിങ്ങനെയാണ് അഞ്ച് തിയറ്റർ കമാൻഡുകൾ വേർതിരിക്കുക. ലഡാക്കിലെ കാറക്കോറം പാസ് മുതല്‍ അരുണാചല്‍ പ്രദേശിലെ കിബിതു വരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമായിരിക്കും വടക്കന്‍ കമാന്‍ഡ്. ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന വടക്കൻ കമാൻഡിന്‍റെ ആസ്ഥാനം ലക്നോ ആണ്.

സിയാച്ചിനിലെ ഇന്ദിര കോള്‍ മുതല്‍ ഗുജറാത്ത് മുനമ്പ് വരെയുള്ള പടിഞ്ഞാറന്‍ കമാന്‍ഡിന്‍റെ ആസ്ഥാനം ജയ്പുര്‍ ആയിരിക്കും. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഈ കമാൻഡിൽ ഉൾപ്പെടുന്നത്.

മുഴുവൻ ഇന്ത്യൻ മഹാസമുദ്ര മേഖലയും തെക്കേ ഇന്ത്യയും അടങ്ങുന്നതാണ് മൂന്നാമത്തെ ഉപഭൂഖണ്ഡ കമാന്‍ഡിന്‍റെ കീഴിൽ വരുന്നത്. ഇതിന്‍റെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കും. ഈ കമാൻഡിന്‍റെ പ്രവർത്തന ഘടന തയാറാക്കുന്നത് മാർച്ച് 31ന് തുടങ്ങും. തുടർന്ന് ഒരു വർഷത്തിനുള്ളിൽ കമാൻഡിന് രൂപം നൽകും.

നാലും അഞ്ചുമാണ് വ്യോമ പ്രതിരോധ കമാന്‍ഡും നാവിക കമാന്‍ഡും. വ്യോമാക്രമണം വേഗത്തിലാക്കുകയും ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രതിരോധം തീർക്കുകയും ചെയ്യുകയാണ് ഈ കമാൻഡിന്‍റെ ദൗത്യം.

തിയറ്റർ കമാൻഡുകൾ പ്രകാരം മൂന്നു സേനകളെയും പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ പ്രതിരോധ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു. സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്തിനാണ് ഇതിന്‍റെ ചുമതല.

ചൈനീസ്, അമേരിക്കൻ സൈന്യങ്ങൾ തിയറ്റര്‍ കമാന്‍ഡ് മാതൃകയിൽ പ്രവർത്തന ഘടന ക്രമീകരിച്ചിട്ടുണ്ട്. ചൈനീസ് സേനയുടെ വടക്കൻ തിയറ്റർ കമാൻഡ് ആണ് ഇന്ത്യൻ അതിർത്തി കൈകാര്യം ചെയ്യുന്നത്.

അഞ്ച് കമാൻഡുകൾക്കും നേതൃത്വം നൽകുന്നത് ലെഫ്റ്റനന്‍റ് ജനറൽ അല്ലെങ്കിൽ തത്തുല്യ റാങ്കിലുള്ള കമാൻഡർമാരാവും. നിലവിലെ കമാൻഡർമാർക്ക് താഴെയുള്ളവരായിരിക്കും തുടർന്ന് പദവിയിലെത്തുക. അമേരിക്കൻ സൈന്യത്തിൽ ഉള്ളതുപോലെ തിയറ്റർ കമാൻഡർമാർക്ക് ആയിരിക്കും വിഭവങ്ങൾ സ്വരൂപിക്കുന്നതിനുള്ള ചുമതല.

Tags:    
News Summary - India to get 5 military theatre commands by 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.