ന്യൂഡൽഹി: സിഖ് വിഘടനവാദി നേതാവും ഭീകര സംഘടന ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് അധ്യക്ഷനുമായ ഹർദീപ് സിങ് നിജ്ജറിന്‍റെ വധവുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടണമെന്ന് വീണ്ടും ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമീഷണർ സഞ്ജയ് കുമാർ വർമയാണ് കനേഡിയൻ മാധ്യമമായ ദ് ഗ്ലോബ് ആൻഡ് മെയിലിന് നൽകിയ അഭിമുഖത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.
നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുന്ന കാനഡ മതിയായ തെളിവ് നൽകണം. ഇന്ത്യക്കെതിരായ ആരോപണം തെളിയിക്കാനുള്ള ശക്തമായ തെളിവുകൾ കാനഡയുടെയോ അവരുടെ സഖ്യകക്ഷികളുടെയോ കൈവശമില്ല. അന്വേഷണത്തിന്‍റെ അന്തിമ ഫലം എന്താണ്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയും ഇന്ത്യൻ ഏജന്‍റുമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരംഭിച്ചതോടെ അന്വേഷണത്തെ അട്ടിമറിച്ചെന്നും സഞ്ജയ് കുമാർ ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 18ലെ നിജ്ജറിന്‍റെ വധത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണവും അതേച്ചൊല്ലി കൈക്കൊണ്ട നടപടികളും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നു. കൊലയിൽ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനു പങ്കുണ്ടെന്ന് ആരോപിച്ച് നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇതിന് പിന്നാലെ കാനേഡിയൻ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു.
1997ൽ കാനഡയിലേക്ക് കുടിയേറിയ പഞ്ചാബ് ജലന്ധർ ജില്ലയിലെ ഭർസിങ്പുര സ്വദേശിയായ ഹർദീപ് സിങ് നിജ്ജർ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഗുരുനാനാക് സിഖ് ഗുരുദ്വാര മാനേജിങ് കമ്മിറ്റി അധ്യക്ഷനായിരുന്നു. സ്വതന്ത്ര സിഖ് രാഷ്ട്രത്തിന്‍റെ വക്താവായ ഇയാളെ 2020ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യു.എ.പി.എ ചുമത്തി ഭീകരനായി പ്രഖ്യാപിച്ചു.
കലാപപ്രേരണ നൽകുന്ന പ്രസ്താവനകളും വിദ്വേഷപ്രസംഗങ്ങളും വ്യാപിപ്പിക്കാനായി സോഷ്യൽമീഡിയയിൽ പടങ്ങളും വിഡിയോകളും പോസ്റ്റു ചെയ്യുന്നുവെന്നായിരുന്നു ആരോപണം. എൻ.ഐ.എ നാലു കേസുകളിൽ കുറ്റവാളിപ്പട്ടികയിൽ പെടുത്തിയ നിജ്ജറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് കഴിഞ്ഞ വർഷം 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
ഫില്ലോറിൽ ഹിന്ദു സന്യാസിമാർക്കുനേരെ നടന്ന ആക്രമണം, പഞ്ചാബിലടക്കം ആർ.എസ്.എസ് നേതാക്കളെയും പരിപാടികളെയും ഉന്നമിട്ടു നടന്ന ചില ആക്രമണങ്ങൾ, 2020ൽ ഖലിസ്ഥാനുവേണ്ടി നടത്തിയ ഹിതപരിശോധന തുടങ്ങി വിവിധ കുറ്റകൃത്യങ്ങളാണ് നിജ്ജറിനുമേൽ ചുമത്തിയത്. ജീവനു ഭീഷണിയുണ്ടെന്നു കാനഡയിലെ ഇന്‍റലിജൻസ് വിഭാഗം മുന്നറിയിപ്പു നൽകി ദിനങ്ങൾക്കകമാണ് നിജ്ജർ കൊല ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.