മകനെ കഴുത്തറുത്ത് കൊന്ന കേസിൽ ഇന്ത്യൻ വംശജ അമേരിക്കയിൽ അറസ്റ്റിൽ

ന്യൂയോര്‍ക്: അമേരിക്കയിലെ ഡിസ്നിലാൻഡ് തീം പാർക്കിൽ അവധി ആഘോഷിച്ച ശേഷം മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റിൽ. 11കാരനായ യതിൻ രാമരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സരിത രാമരാജുവിനെ (48) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റത്തിനും ആയുധം കൈവശം വെച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 26 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

2018ൽ വിവാഹമോചനത്തിനു ശേഷം വിർജീനിയയിലെ ഫെയർഫാക്സിൽ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് കാലിഫോർണിയയിൽ എത്തിയത്. സാന്ത അന്നയിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. മൂന്ന് ദിവസത്തെ ഡിസ്‌നിലാൻഡ് സന്ദര്‍ശനത്തിനുള്ള ടിക്കറ്റാണ് മകനും തനിക്കുമായി സരിത ബുക്ക് ചെയ്തത്.

മാര്‍ച്ച് 19നായിരുന്നു അവധി ആഘോഷിക്കാനായി തിരഞ്ഞെടുത്ത ഹോട്ടല്‍മുറി ഒഴിഞ്ഞ് കുട്ടിയെ പിതാവിനെ ഏല്‍പിക്കേണ്ടിയിരുന്നത്. എന്നാല്‍, കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും മരിക്കാനുള്ള ഗുളിക സ്വയം കഴിച്ചിട്ടുണ്ടെന്നും സരിത രാവിലെ 9.12ഓടെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് അറിയിച്ചു.

മരിച്ചു കിടക്കുന്ന കുട്ടിയെയാണ് റൂമിലെത്തിയ പൊലീസ് കണ്ടത്. കൊലപാതക വിവരം അറിയിക്കുന്നതിന് ഏറെനേരം മുമ്പുതന്നെ കുട്ടി മരിച്ചെന്നാണ് സൂചന. സംഭവം നടക്കുന്നതിന് തലേന്ന് വാങ്ങിയ കത്തി ഹോട്ടൽ മുറിയില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കുട്ടിയുടെ സംരക്ഷണ അവകാശവുമായി ബന്ധപ്പെട്ട് ഭർത്താവും ബംഗളൂരു സ്വദേശിയുമായ പ്രകാശ് രാജുവുമായി കഴിഞ്ഞ വർഷം സരിത നിയമപോരാട്ടതിലാണെന്ന് എൻ.ബി.സി ലോസ് ആഞ്‍ജലസ് റിപ്പോർട്ട് ചെയ്തു. തന്നോട് അഭിപ്രായം ചോദിക്കാതെ കുട്ടിയുടെ വിദ്യാഭ്യാസ- ആരോഗ്യ കാര്യങ്ങളില്‍ പ്രകാശ് രാജു തീരുമാനം എടുത്തതില്‍ ഇവര്‍ അസ്വസ്ഥയായിരുന്നെന്നും റിപ്പോർട്ട് പറയുന്നു.

Tags:    
News Summary - Indian-origin Woman arrested in US for slitting son's throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.