ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടുത്ത മാസം രണ്ടു മുതല്‍ മൂന്നു ദിവസം നേപ്പാള്‍ സന്ദര്‍ശിക്കും. ഇടക്കാലത്ത് ഉലഞ്ഞ പരസ്പര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന് സന്ദര്‍ശനം ഊന്നല്‍ നല്‍കും. നേപ്പാള്‍ പ്രസിഡന്‍റ് ബി.ഡി. ഭണ്ഡാരിയുടെ ക്ഷണപ്രകാരമാണ് രാഷ്ട്രപതി കാഠ്മണ്ഡുവില്‍ എത്തുന്നത്. ഉന്നതതല സംഘവും അദ്ദേഹത്തിന്‍െറകൂടെ ഉണ്ടാകും. പ്രസിഡന്‍റിനു പുറമെ, വൈസ് പ്രസിഡന്‍റ് നന്ദകിഷോര്‍ പുന്‍, പ്രധാനമന്ത്രി പുഷ്പകമല്‍ പ്രചണ്ഡ എന്നിവരുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും.
അതിനിടെ, ഇന്ത്യന്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചതിനെതിരെ നേപ്പാളില്‍ പ്രതിഷേധമുയര്‍ന്നു. പൊതു അവധി പിന്‍വലിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സി.പി.എന്‍-യു.എം.എല്ലിന്‍െറ വിദ്യാര്‍ഥി വിഭാഗമായ ഓള്‍ നേപ്പാള്‍ നാഷനല്‍ ഫ്രീ സ്റ്റുഡന്‍റ്സ് യൂനിയന്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ രാഷ്ട്രത്തലവന്‍ എത്തുന്നതിന്‍െറ പേരില്‍ അവധി നല്‍കുന്നത് രാജ്യത്തിന്‍െറ സ്വാതന്ത്ര്യം സ്വയം അവമതിക്കുന്നതിനു തുല്യമാണെന്ന് സംഘടന കുറ്റപ്പെടുത്തി. അന്താരാഷ്ട്ര വ്യാപാര ഉടമ്പടി ലംഘിച്ച് നേപ്പാളിനെതിരെ ഇന്ത്യ ഉപരോധം സൃഷ്ടിച്ച കാര്യം ഓര്‍ക്കണം. ഇന്ത്യയുടെ താല്‍പര്യപ്രകാരം ഭരണഘടന വിളംബരം ചെയ്യാത്തതിന്‍െറ പേരിലായിരുന്നു ഈ ഉപരോധമെന്നും യൂനിയന്‍ ആരോപിച്ചു. നേപ്പാള്‍ നേതാക്കള്‍ ഇന്ത്യയില്‍ ചെന്നാല്‍ അവിടെ പൊതുഅവധി ഇല്ളെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, സുരക്ഷാ ഏജന്‍സികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം അനുസരിച്ചാണ് പൊതുഅവധി പ്രഖ്യാപിച്ചതെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ വിശദീകരിച്ചു. ചൈനീസ് പ്രസിഡന്‍റിന്‍െറ സന്ദര്‍ശനം കണക്കിലെടുത്തും പൊതുഅവധിക്ക് തീരുമാനിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
18 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രപതി നേപ്പാളില്‍ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുവട്ടം നേപ്പാള്‍ സന്ദര്‍ശിച്ചെങ്കിലും, കഴിഞ്ഞ ഏപ്രിലില്‍ അവിടെ ഭരണമാറ്റം ഉണ്ടായ ശേഷമാണ് ബന്ധങ്ങളിലെ സംഘര്‍ഷം അയഞ്ഞത്. ഒക്ടോബറില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് നടത്താനിരുന്ന പ്രഥമ കാഠ്മണ്ഡു സന്ദര്‍ശനം റദ്ദാക്കിയതിനു പിന്നാലെയാണ് മുഖര്‍ജിയുടെ സന്ദര്‍ശനം.
മുന്‍പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി ഇന്ത്യയേക്കാള്‍ ചൈനയോട് അടുക്കുന്നതിന് താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍, പിന്നീട് പ്രധാനമന്ത്രിയായ പ്രചണ്ഡ ഇന്ത്യയോടുള്ള മമത പുന$സ്ഥാപിക്കുകയും, ആദ്യം ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചൈനീസ് പ്രസിഡന്‍റിന്‍െറ സന്ദര്‍ശനം റദ്ദാക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.