ന്യൂഡൽഹി: ലക്ഷങ്ങൾ ചെലവഴിച്ച് കാനഡയിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർ രണ്ടുവട്ടം ആലോചിക്കണമെന്ന് മുൻ ഹൈകമീഷണർ സഞ്ജയ് വർമ. ഇന്ത്യ-കാനഡ നയതന്ത്രം വഷളായതിനെ തുടർന്ന് തിരിച്ചു വിളിക്കപ്പെട്ട സഞ്ജയ്, പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് കാനഡയിൽ വിദേശ വിദ്യാർഥികൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
തന്റെ പ്രവർത്തന കാലയളവിൽ പ്രതിവാരം ചുരുങ്ങിയത് രണ്ട് വിദ്യാർഥികളുടെ മൃതശരീരങ്ങളെങ്കിലും ഇന്ത്യയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് സഞ്ജയ് പറഞ്ഞു. ഇവയെല്ലാം ആത്മഹത്യയായിരുന്നു. വലിയ സ്വപ്നങ്ങളുമായി കാനഡയിലെത്തുന്ന കുട്ടികൾക്ക് പലപ്പോഴും പ്രവേശനം ലഭിക്കുന്നത് നിലവാരം കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്.
ഇത് ഇവരെ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നു. കാനഡയും അമേരിക്കയുമാണ് ഇന്ത്യൻ വിദ്യാർഥികൾ വിദേശപഠനത്തിനായി കൂടുതലും ആശ്രയിക്കുന്നത്. ടൊറോന്റോ സർവകലാശാല, മാക്ഗിൽ യൂനിവേഴ്സിറ്റി, ബ്രിട്ടീഷ് കൊളംബിയ സർവകലാശാല തുടങ്ങിയ വിഖ്യാത കലാലയങ്ങളിൽ വളരെ കുറച്ചു വിദ്യാർഥികൾക്കു മാത്രമാണ് പ്രവേശനം ലഭിക്കുന്നത്. ബാക്കിയുള്ളവരെല്ലാം ഏറെ നിലവാരം കുറഞ്ഞ സ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. പലപ്പോഴും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇവിടെ ക്ലാസുകളുള്ളതെന്നൂം അദ്ദേഹം പറഞ്ഞു. നാലേകാൽ ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് നിലവിൽ കാനഡയിൽ പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.