കുടിയേറ്റം നിയന്ത്രിക്കാൻ ട്രൂഡോ; കാനഡയിൽ മികച്ച പഠനവും തൊഴിലും സ്വപ്നം കണ്ട ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കുടിയേറ്റ നിയന്ത്രണം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കാനഡയിൽ മികച്ച ജോലിയും ജീവിതവും സ്വപ്നം കണ്ട് കഴിയുന്ന ഇന്ത്യൻ വിദ്യാർഥികൾ കടുത്ത ആശങ്കയിൽ. ഇന്ത്യ-കാനഡ ബന്ധം ഉലഞ്ഞതോടെയാണ് കാനഡ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. അടുത്ത രണ്ട് വർഷത്തിനകം രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുമെന്നാണ് ട്രൂഡോ പ്രഖ്യാപിച്ചത്. താൽകാലിക റെസിഡന്റ്സിന്റെ എണ്ണം ഒറ്റയടിക്ക് 30,000ത്തോളമായി കുറക്കാനും കാനഡ തീരുമാനിച്ചിട്ടുണ്ട്.

ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ(ഐ.ആർ.സി.സി)കണക്കനുസരിച്ച് 2015 മുതൽ 2014വരെ ഏതാണ്ട് 13 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡയിൽ പഠനത്തിനായി വിസ ലഭിച്ചിട്ടുണ്ട്. 2024 ആഗസ്റ്റ് വരെ 1,37,445 ഇന്ത്യൻ വിദ്യാർഥികൾക്കാണ് കാനഡയിൽ പഠനത്തിനായി വിസ ലഭിച്ചത്. ആകെ അനുവദിച്ച അന്താരാഷ്ട്ര പഠന വിസയുടെയുടെ 36.7 ശതമാനം വരുമിത്.

അടുത്തിടെ ട്രൂഡോയുടെ രാജിയാവശ്യപ്പെട്ട് പാർട്ടി അനുയായികൾ രംഗത്ത്‍വന്നിരുന്നു. ഇതോടെയാണ് കുടിയേറ്റം നിയന്ത്രിക്കാൻ ട്രൂഡോ തീരുമാനമെടുത്തത്. മാത്രമല്ല, കാനഡയിൽ അടുത്ത വർഷം തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. അണികളെ പ്രകോപിപ്പിച്ചാൽ ട്രൂഡോ അതിന് വലിയ വിലയും നൽകേണ്ടി വരും.

'കാനഡയിലെ താൽകാലിക വിദേശ തൊഴിൽ വിസകൾ കുറക്കാൻ പോവുകയാണ്. എന്തുകൊണ്ടാണ് കനേഡിയൻ തൊഴിലാളികളെ ആദ്യം ജോലിക്കെടുക്കാൻ കഴിയാത്തതെന്ന് തെളിയിക്കാൻ ഞങ്ങൾ കമ്പനികൾക്ക് കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ്.'-എന്നണ് കുടിയേറ്റം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ട്രൂഡോ എക്സിൽ കുറിച്ചത്.കുടിയേറ്റ നയം കടുപ്പിച്ചതോടെ നിലവിൽ കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യാർഥികളും ഞെട്ടലിലാണ്.

''എന്റെ രണ്ട് പെൺമക്കളും കാനഡയിലാണ്. ഓട്ടവയിലെ സുരക്ഷ കമ്പനിയിൽ അഡ്മിനിസ​്ട്രേറ്റിവ് ഡിപാട്മെന്റ് വകുപ്പിലാണ് മൂത്ത മകൾ ജോലി ചെയ്യുന്നത്. രണ്ടാമത്തേയാൾ മോണ്ട്രിയലിൽ അക്കൗണ്ടിങ്ങിൽ ഡിപ്ലോമ ചെയ്യുന്നു. ഭാഗ്യവശാൽ നിലവിൽ രണ്ടുപേർക്കും പ്രശ്നങ്ങളൊന്നുമില്ല. തദ്ദേശവാസികളിൽ നിന്നും അവർ പ്രശ്നങ്ങൾ നേരിട്ടിട്ടില്ല. ഏറ്റവും ഇളയ മകൾ കൂടി അടുത്തവർഷം കാനഡയിലേക്ക് പോകാനുള്ള പദ്ധതിയിലാണ്.'-കർണാൽ സ്വദേശി മോണിക്ക പറയുന്നു.

ജോലി ലഭിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഒരുപാട് പണം ചെലവഴിച്ച് മക്കളെ കാനഡയിലേക്ക് പഠനത്തിന് അയക്കാൻ മാതാപിതാക്കൾ തയാറാകുന്നതെന്നും അവർ പറഞ്ഞു. എന്നാൽ സർക്കാർ കുടിയേറ്റ നിയന്ത്രണം പോലുള്ള ആവശ്യമില്ലാത്ത പരിപാടികളുമായി വന്നാൽ മറ്റ് വഴികൾ നോക്കുകയേ നിവൃത്തിയുള്ളൂവെന്നും മോണിക്ക കൂട്ടിച്ചേർത്തു.

ഈവർഷത്തോടെ പെർമിനന്റ് റെസിഡന്റുകളുടെ എണ്ണം 485000ത്തിൽ നിന്ന് 395000മാക്കി കുറക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. 2026ത്തോടെ അത് 380000 ആയി കുറയും. 2027ഓടെ പെർമനന്റ് റെസിഡൻഷിപ്പ് 365000മാക്കി കുറക്കാനുമാണ് കാനഡ ലക്ഷ്യമിടുന്നത്. ട്രൂഡോ സർക്കാറിന്റെ മാറിയ നിലപാട് നിലവിൽ കാനഡയിൽ പഠനത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നവരെയാണ് ഏറെ വലക്കുന്നത്. കാനഡയിൽ പഠിക്കാനുള്ള സാഹചര്യം അടഞ്ഞതോടെ പലരും നെതർലൻഡ്സിലേക്ക് മാറാനുള്ള ശ്രമവും നടത്തുന്നുണ്ട്.


Tags:    
News Summary - Indian students in Canada More worried about changes in study, work visa than politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.