ന്യൂഡല്‍ഹി: അതിര്‍ത്തികടന്ന സൈനികാക്രമണത്തിന്‍െറ പിരിമുറുക്കമായിരുന്നില്ല സര്‍ക്കാര്‍ മുഖങ്ങളില്‍; പകരം യുദ്ധം ജയിച്ചെന്ന ആവേശമായിരുന്നു. ‘സര്‍ജിക്കല്‍ സ്ട്രൈക്കി’നെക്കുറിച്ച നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ അവകാശവാദങ്ങള്‍ക്കും പാകിസ്താന്‍െറ നിഷേധങ്ങള്‍ക്കുമിടയില്‍ പക്ഷേ, അതിര്‍ത്തി കലങ്ങി. നയതന്ത്രം കൂടുതല്‍ മുടന്തി. സമാധാന സംഭാഷണങ്ങളുടെ വഴിയടഞ്ഞു. ഇന്ത്യ-പാക് ബന്ധങ്ങള്‍ക്കപ്പുറം മേഖല സംഘര്‍ഷഭരിതമായി. സവിശേഷ സാഹചര്യത്തില്‍ സൈനിക നീക്കത്തെ പിന്തുണക്കുമ്പോള്‍ തന്നെ, ഈ ഉത്കണ്ഠ പ്രതിപക്ഷ നിരയില്‍ പ്രകടം.
പാകിസ്താനെ നയതന്ത്രതലത്തിലും സൈനികമായും നേരിടുന്നതില്‍ മോദിയും കേന്ദ്രസര്‍ക്കാറും പരാജയമാണെന്ന് ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട വികാരം മാറ്റിയെടുക്കാനുള്ള ശ്രമമാണ് ബുധനാഴ്ച രാത്രിയിലെ മിന്നല്‍പ്രഹര വാര്‍ത്ത പുറംലോകത്ത് എത്തിച്ചതിനു പിന്നാലെ ഡല്‍ഹിയില്‍ നടന്നത്. സര്‍വകക്ഷി യോഗം വിളിച്ച് ഉരുക്കുമുഷ്ടിയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവെന്ന സന്ദേശം സര്‍ക്കാര്‍ കൈമാറി. പക്ഷേ, സൈനിക നീക്കം സംബന്ധിച്ച കൃത്യമായ വിവരം പങ്കുവെക്കപ്പെട്ടിട്ടില്ല.
ഇത്തരമൊരു നീക്കത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്കു മുമ്പേ അമേരിക്കന്‍ ഭരണകൂടം അറിയുകയോ, മുന്‍കൂട്ടി അറിയിക്കുകയോ ചെയ്തുവെന്നു വേണം കരുതാന്‍. മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
പാകിസ്താന്‍ ഭീകരര്‍ക്കെതിരെ വ്യക്തമായ നടപടി സ്വീകരിക്കണമെന്ന് തൊട്ടുപിന്നാലെ അമേരിക്കയുടെ പ്രസ്താവന വന്നത്, ഈ സന്ദര്‍ഭത്തില്‍ ഇന്ത്യക്കൊപ്പം തങ്ങള്‍ നില്‍ക്കുമെന്ന് പാകിസ്താനുള്ള സന്ദേശം കൂടിയായി. മേഖലയിലെ സംഘര്‍ഷാന്തരീക്ഷം വളരുന്നതില്‍ തങ്ങള്‍ക്കുള്ള ഉത്കണ്ഠ കൂടിയാണ് അവര്‍ പങ്കുവെച്ചത്. സൈനിക നീക്കവുമായി ബന്ധപ്പെട്ട നയതന്ത്രം പിഴക്കാതിരിക്കാന്‍ രണ്ടു ഡസന്‍ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി കേന്ദ്രം ആശയവിനിമയം നടത്തുകയും ചെയ്തു.
ആക്രമണം ഭീകരകേന്ദ്രങ്ങള്‍ക്ക് എതിരെയാണെന്നും പാക് സൈന്യത്തിനു നേരെയല്ളെന്നുമുള്ള നയതന്ത്ര സന്ദേശമാണ് ഇന്ത്യ കൈമാറുന്നത്. നിരവധി ഭീകര സങ്കേതങ്ങള്‍ തകര്‍ത്തുവെന്ന വിശദീകരണം, പാകിസ്താന്‍ ഭീകരരുടെ താവളമാണെന്ന ഇന്ത്യയുടെ വാദം ശക്തിപ്പെടുത്തുകയും പാകിസ്താനെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. മിന്നല്‍ പ്രഹരത്തോടെ അതിര്‍ത്തി മേഖല കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണ്. തിരിച്ചടിക്കുള്ള സാധ്യത കണക്കിലെടുത്ത് പഞ്ചാബ്, ജമ്മു-കശ്മീര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് ഗ്രാമീണരെ ഒഴിപ്പിച്ചു മാറ്റിയത് ഇതിനു തെളിവാണ്.
സൈന്യങ്ങള്‍ കൂടുതല്‍ ശത്രുതാ മനോഭാവത്തിലായതോടെ തിരിച്ചടി പ്രതീക്ഷിച്ചാണ് അതിര്‍ത്തിയിലെ നില്‍പ്. സാര്‍ക് ഉച്ചകോടിയില്‍നിന്ന് പിന്മാറുകയും ജലലഭ്യത കുറക്കാനുള്ള നടപടി ആലോചിക്കുകയും യു.എന്‍ പൊതുസഭയില്‍ ഏറ്റുമുട്ടുകയുമൊക്കെ ചെയ്തതിനു പിന്നാലെയുള്ള സൈനിക നീക്കം നയതന്ത്ര, സമാധാന സംഭാഷണങ്ങളുടെ വഴി അടച്ചിരിക്കുകയാണ്. ഇന്ത്യക്കും പാകിസ്താനുമിടയില്‍ സൗഹാര്‍ദത്തിന്‍െറ തിരി കെട്ടുപോകുന്നത് ദീര്‍ഘകാലത്തേക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.