പെഷാവർ: ഫേസ്ബുക്കിൽ പരിചയപ്പെട്ട പാക് സുഹൃത്തിനെ കാണാൻ അതിർത്തി കടന്ന വിവാഹിതയായ ഇന്ത്യൻ യുവതി ഫാത്തിമ എന്നു പേര് സ്വീകരിച്ച് മതം മാറിയതായും അവിടെ വിവാഹം നടത്തിയതായും റിപ്പോർട്ട്. രണ്ടു കുട്ടികളുടെ അമ്മയായ 34 കാരി 29കാരനായ സുഹൃത്ത് നസ്റുല്ലയെയാണ് വിവാഹം ചെയ്തത്.
പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ അപ്പർ ദർ ജില്ലയിലെ വിദൂര ഗ്രാമത്തിലേക്കാണ് ഔദ്യോഗിക അനുമതിയോടെ അഞ്ജു സഞ്ചരിച്ചിരുന്നത്. യു.പിയിൽ ജനിച്ച് രാജസ്ഥാനിൽ താമസിച്ച ഇവർ 2019 മുതൽ ഫേസ്ബുക്കിൽ പരിചയത്തിലായ സുഹൃത്തിനെ കാണാൻമാത്രമാണ് പോകുന്നതെന്നും വിവാഹിതരാകില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ, മതംമാറി ഫാത്തിമ എന്നു പേരു സ്വീകരിച്ച ശേഷം മതപരമായ ചടങ്ങുകളോടെ വിവാഹിതരാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഭർത്താവും 15ഉം 6ഉം വയസ്സുള്ള രണ്ടു മക്കളുടെ അമ്മയായ ഇവർക്ക് 30 ദിവസത്തേക്കായിരുന്നു പാക് വിസ അനുവദിച്ചിരുന്നത്. വിസ തീരുന്ന മുറക്ക് ആഗസ്റ്റ് 20ന് തിരിച്ചുവരുമെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ, ബിരുദധാരിയായ നസ്റുല്ലയെ വിവാഹം കഴിച്ച യുവതി ഇനി തിരിച്ചുവരുമോയെന്ന് വ്യക്തമല്ല. ജയ്പൂരിലേക്കെന്നു പറഞ്ഞാണ് വീടുവിട്ടിറങ്ങിയിരുന്നതെന്നും പിന്നീടാണ് പാകിസ്താനിലേക്കാണെന്ന് അറിഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു. നേരത്തെ നാലു മക്കളുടെ അമ്മയായ പാക് യുവതി സീമ ഹൈദർ സമാന സംഭവത്തിൽ ഇന്ത്യയിലെത്തി 22കാരനായ സചിനെ വിവാഹം ചെയ്തിരുന്നു. ഇരുവരും ഡൽഹിക്കടുത്ത് ഗ്രേറ്റർ നോയ്ഡയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.