ഇന്ത്യ സ്വാതന്ത്ര്യ ദിനത്തിന്റെ 76ാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് ഇക്കുറി ഉണ്ടായിരുന്നത്. 'ആസാദി ക അമൃത് മഹോത്സവ്' എന്ന പേരിലായിരുന്നു ആഘോഷം. സാധാരണയായി സ്ഥാപനങ്ങളിൽ സ്വാതന്ത്ര്യദിനത്തിൽ മാത്രമായിരുന്നു ത്രിവർണ പതാക ഉയർത്തിയിരുന്നത്.
എന്നാൽ, ഇക്കുറി മൂന്ന് ദിവസം രാജ്യത്തെ എല്ലാ വീടുകളിലും പതാക ഉയർത്തി. കേവലം പതാക ഉയർത്തിയതിന് ശേഷം ആഘോഷം കഴിഞ്ഞ് ഈ പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.
അതിനുള്ള പരിഹാരമാണ് ഇവിടെ പറയുന്നത്. സ്വാതന്ത്ര്യ ദിനം കഴിഞ്ഞതോടെ ആളുകൾ വീടുകളിൽ ഉയർത്തിയിരുന്ന പതാകകൾ അഴിച്ചു മാറ്റാനുള്ള പുറപ്പാടിലാണ്. ദേശീയ പതാക അഴിക്കുമ്പോഴോ, സൂക്ഷിക്കുമ്പോഴോ, നീക്കം ചെയ്യുമ്പോഴോ ശ്രദ്ധിക്കേണ്ട അഥവാ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. 2002ലെ ഫ്ലാഗ്
കോഡ് ഓഫ് ഇന്ത്യ അനുസരിച്ചുള്ള നിയമങ്ങൾ പാലിച്ച് വേണം ഇവ നടപ്പാക്കാൻ. അവ എന്തൊക്കെയെന്ന് അറിയാം.
1 ഇന്ത്യൻ ദേശീയ പതാക എങ്ങനെ സൂക്ഷിക്കാം?
പതാക താഴെ ഇറക്കിയശേഷം അത് സൂക്ഷിക്കാൻ ഒരു പ്രത്യേക രീതിയുണ്ട്. ആദ്യം പതാക സമാന്തരമായി പിടിക്കുക. കുങ്കുമവും പച്ചയും നിറമുള്ള വരകൾ കാണുന്ന വിധത്തിൽ വെള്ള ബാൻഡിനടിയിൽ കുങ്കുമവും പച്ചയും ചുരുട്ടുക, ശേഷം അശോകചക്ര, കുങ്കുമം, പച്ച നിറത്തിലുള്ള ബാന്റുകളുടെ ഭാഗങ്ങൾ മാത്രം കാണുന്ന വിധത്തിൽ വെള്ള ബാൻഡ് ഇരുവശത്തുനിന്നും മധ്യഭാഗത്തേക്ക് മടക്കിയിരിക്കണം. അതിന് ശേഷം സൂക്ഷിക്കാവുന്നതാണ്.
2 കേടായ പതാക എന്ത് ചെയ്യണം?
ഇന്ത്യൻ ദേശീയ പതാകക്ക് കേടുപാടുകൾ സംഭവിച്ചാൽ, 2002ലെ ഫ്ലാഗ് കോഡ് അനുസരിച്ച് ദേശീയ പതാകയുടെ അന്തസ്സ് മുന്നിൽകണ്ട് കത്തിച്ചോ മറ്റെന്തെങ്കിലും രീതിയിലോ തീർത്തും സ്വകാര്യമായി അതിനെ നശിപ്പിക്കാം.
3 കടലാസ്സ് പതാക എങ്ങനെ നീക്കംചെയ്യാം?
പ്രധാനപ്പെട്ട ദേശീയ സാംസ്കാരിക പരിപാടികളിൽ നിരവധി ആളുകൾ കടലാസുകൊണ്ടുള്ള പതാകകൾ പറത്തുന്നത് കാണാം. 2002 ലെ ഫ്ലാഗ് കോഡിൽ ഇത്തരത്തിലുള്ള കടലാസ്സ് പതാകകൾ നിലത്തു ഉപേക്ഷിക്കാൻ പാടില്ലെന്ന് പറയുന്നു. ദേശീയ പതാകയുടെ അന്തസ്സ് മാനിച്ചുകൊണ്ട് കേടായ പതാകകൾ പോലെ അവ സ്വകാര്യമായി നശിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.