'ഡിജിറ്റൽ അറസ്റ്റ്'; ഇന്ത്യക്കാരെ പേടിപ്പിച്ച് നിർത്തി നാല് മാസം കൊണ്ട് തട്ടിയത് 120 കോടി

ന്യൂഡൽഹി: 'ഡിജിറ്റൽ അറസ്റ്റി'ലാണെന്ന് വിശ്വസിപ്പിച്ച് രാജ്യത്തെ ജനങ്ങളിൽ നിന്ന് ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാല് മാസത്തിനിടെ തട്ടിപ്പുകാർ കൈക്കലാക്കിയത് 120.3 കോടി രൂപ. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലെ ഇന്ത്യൻ സൈബർ ക്രൈം ഓഡിനേഷൻ സെന്‍റർ (ഐ4സി) കണക്കുകൾ പ്രകാരം 'ഡിജിറ്റൽ അറസ്റ്റ്' രാജ്യത്ത് ഏറ്റവും കൂടുതൽ നടക്കുന്ന തട്ടിപ്പ് രീതികളിലൊന്നായി മാറുകയാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മ്യാന്മർ, ലാവോസ്, കംബോഡിയ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.

ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ഇന്ത്യയിൽ നടന്ന സൈബർ തട്ടിപ്പുകളിൽ ആകെയായി ജനങ്ങൾക്ക് നഷ്ടമായത് 1776 കോടി രൂപയാണ്. അതിൽ 46 ശതമാനവും മ്യാന്മർ, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തട്ടിപ്പുകളാണെന്ന് ഐ4സി കണക്കുകൾ പറയുന്നു.

ജനുവരി ഒന്നിനും 30നും ഇടയിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 7.4 ലക്ഷം പരാതികളാണ്. 2023ൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 15.56 ലക്ഷം പരാതികളാണ്. 2022ൽ ഇത് 9.66 ലക്ഷവും 2021ൽ 4.52 ലക്ഷവും മാത്രമായിരുന്നു.

ഡിജിറ്റൽ അറസ്റ്റ്, ട്രേഡിങ് തട്ടിപ്പ്, ടാസ്കുകൾ നൽകിയുള്ള തട്ടിപ്പ്, ഡേറ്റിങ് തട്ടിപ്പ് എന്നിവയാണ് രാജ്യത്ത് പ്രധാനമായുമുള്ള ഡിജിറ്റൽ തട്ടിപ്പ് രീതികൾ. ഡിജിറ്റൽ അറസ്റ്റിൽ 120.3 കോടി രൂപ ഇന്ത്യക്കാർക്ക് നഷ്ടപ്പെട്ടപ്പോൾ ട്രേഡിങ് തട്ടിപ്പിൽ നഷ്ടമായത് 1420.48 കോടിയാണ്. 222.58 കോടി ടാസ്കുകൾ നൽകിയുള്ള തട്ടിപ്പിലൂടെയും നഷ്ടപ്പെട്ടു. അതേസമയം, പ്രണയവും അടുപ്പവും നടിച്ച് പണം തട്ടുന്ന രീതിയായ ഡേറ്റിങ് തട്ടിപ്പിലൂടെ 13.23 കോടിയാണ് നഷ്ടമായത് -ഐ4സി കണക്കുകൾ വ്യക്തമാക്കുന്നു.

 

ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നത് സംബന്ധിച്ച് സർക്കാറി​ന്‍റെ സൈബർ സെക്യൂരിറ്റി ഏജൻസിയായ സി.ഇ.ആർടി-ഇൻ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഫോണിലൂടെയോ വിഡിയോ കോളുകളിലൂടെയോ അപരിചതരുമായി തന്ത്രപ്രധാനമോ വ്യക്തിപരമോ സാമ്പത്തികമോ ആയ വിശദാംശങ്ങൾ പങ്കിടുന്നത് ഒഴിവാക്കാനാണ് നിർദേശം. ഔദ്യോഗിക ആശയവിനിമയത്തിനായി സർക്കാർ ഏജൻസികൾ വാട്സ്ആപ് അല്ലെങ്കിൽ സ്കൈപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നില്ല.

അജ്ഞാത നമ്പറുകളിൽ നിന്ന് ആരെങ്കിലും ഫോണിലൂടെയോ ഓൺലൈനിലൂടെയോ പണം ആവശ്യപ്പെടുകയാണെങ്കിൽ അത് മിക്കവാറും ഒരു തട്ടിപ്പായിരിക്കും. അധികരിക്കുന്ന ഈ സൈബർ ഭീഷണിയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ജാഗ്രതയും വിവരവും നിർണായകമാണ്. ഡിജിറ്റൽ അറസ്റ്റിനു പുറമെ ഫിഷിംഗ്,ലോട്ടറി, സമ്മാനം പോലുള്ള മറ്റ് ഓൺലൈൻ കബളിപ്പിക്കലുകളെക്കുറിച്ചും ഏജൻസി വിശദീകരിക്കുന്നു.

*‘ഡിജിറ്റൽ അറസ്റ്റ്’ എന്നത് ഒരു ഓൺലൈൻ തട്ടിപ്പാണ്. ഐഡന്‍റിറ്റി മോഷണം അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തതിനാൽ താങ്കൾ അന്വേഷണത്തിലാണെന്ന് അവകാശപ്പെടുന്ന ഫോൺ കോളോ ഇ-മെയിലോ സന്ദേശമോ ഇരകൾക്ക് ലഭിക്കുന്നു. ഉടൻ നടപടിയെടുത്തില്ലെങ്കിൽ അറസ്റ്റോ നിയമപരമായ പ്രത്യാഘാതങ്ങളോ നേരിടേണ്ടിവരുമെന്ന് തട്ടിപ്പുകാരൻ ഇരയെ ഭീഷണിപ്പെടുത്തുന്നു. യുക്തിസഹമായ ചിന്തയെ തടയാൻ തട്ടിപ്പുകാർ പലപ്പോഴും പരിഭ്രാന്തി സൃഷ്ടിക്കും. നിയമപരമായ നടപടിയിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കുകയാണെന്നതി​ന്‍റെ മറവിൽ വ്യക്തികളെ നിർദിഷ്ട ബാങ്ക് അക്കൗണ്ടുകളിലേക്കോ യു.പി.ഐ ഐഡികളിലേക്കോ വലിയ തുക കൈമാറാൻ നിർബന്ധിക്കും.

*‘ഫിഷിംഗി’ൽ നിയമാനുസൃതമെന്ന് തോന്നുന്ന ഇ-മെയിലുകളോ സന്ദേശങ്ങളോ ഉൾപ്പെടുന്നു. തട്ടിപ്പുകാർ പലപ്പോഴും ലോഗോകളും വിശ്വസനീയമായ സ്ഥാപനങ്ങളിൽ നിന്നുള്ള ബ്രാൻഡിങും ഇതിനായി ഉപയോഗിക്കും.

*ലോട്ടറി, സമ്മാന കുംഭകോണങ്ങളിൽ ഒരു വലിയ തുക നേടിയെന്നും സമ്മാനം ക്ലെയിം ചെയ്യുന്നതിന് ഒരു പ്രോസസ്സിംഗ് ഫീസോ നികുതിയോ നൽകണമെന്നും പറയുന്ന അറിയിപ്പുകൾ ലഭിക്കും.

*ടെക് പിന്തുണയുള്ള തട്ടിപ്പുകളിൽ, സൈബർ കുറ്റവാളികൾ ഉപയോക്താവി​ന്‍റെ സാങ്കേതിക പരിജ്ഞാനത്തി​ന്‍റെ അഭാവം മുതലെടുക്കും. ഒരു വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് അവർ രഹസ്യമായി ഉപയോക്താവി​ന്‍റെ കമ്പ്യൂട്ടറിലേക്ക് പ്രവേശനം നേടുകയും നിർണായകമായ വ്യക്തിഗത ഡേറ്റ മോഷ്ടിക്കുകയും ചെയ്യും.

*വേഗത്തിൽ പണം സമ്പാദിക്കാനുള്ള ഇരകളുടെ ആഗ്രഹം മുതലെടുത്ത് ‘പോൻസി’ അല്ലെങ്കിൽ ‘പിരമിഡ് സ്കീമുക’ളിലൂടെ വമ്പൻ വരുമാനം വാഗ്ദാനം ചെയ്യുന്നതാണ് നിക്ഷേപ കുംഭകോണത്തട്ടിപ്പുകൾ.

*തട്ടിപ്പുകാർ ഇരയെ ഇ-മെയിൽ വഴിയോ സോഷ്യൽ മീഡിയ വഴിയോ ബന്ധപ്പെടുകയും അവരുടെ അക്കൗണ്ടിലേക്ക് തെറ്റായി പണം അയച്ചുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. നിയമപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി പണം ഉടൻ തിരികെ നൽകാൻ വ്യക്തിയോട് ആവശ്യപ്പെടുന്നതിന് റാക്കറ്റർമാർ വ്യാജ ഇടപാട് രസീതുകളും ഉപയോഗിക്കുന്നു.

*ടെലകോം റെഗുലേറ്ററി ബോഡിയുടെ പേരിൽ ഇരകൾക്ക് കോളുകളോ സന്ദേശങ്ങളോ ലഭിക്കും. അവരുടെ സേവനത്തിൽ ഒരു പ്രശ്നം ഉള്ളതായി അവകാശപ്പെടുകയും ഐഡന്‍റിറ്റി സ്ഥിരീകരണത്തിനായി ഒ.ഡി.പികളും ബാങ്കിംഗ് വിവരങ്ങളും അടിയന്തിരമായി തേടുന്നതുമാണ് ‘ഫോൺ അഴിമതികൾ’.

*ഡിജിറ്റൽ അറസ്റ്റിന് സമാനമാണ് ‘പാഴ്സൽ തട്ടിപ്പുകൾ’. തങ്ങളുടെ മയക്കുമരുന്ന് പാഴ്സൽ പിടിച്ചെടുത്തിട്ടുണ്ടെന്നും പിഴയടച്ചില്ലെങ്കിൽ അറസ്റ്റോ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളോ നേരിടേണ്ടിവരുമെന്നും ഇരകളോട് ഒരു കോളിലൂടെയോ സന്ദേശത്തിലൂടെയോ അറിയിക്കുന്നതാണ് ഈ തട്ടിപ്പി​ന്‍റെ രീതി. 

Tags:    
News Summary - Indians lost Rs 120 crore in digital arrest frauds in January-April 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.