ന്യൂഡൽഹി: യുദ്ധഭൂമിയായ യുക്രെയ്നിൽനിന്ന് റഷ്യ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നീക്കം തുടങ്ങി. പടിഞ്ഞാറൻ അതിർത്തി വഴി ആറു വിമാനങ്ങളിലായി ആയിരത്തിൽപരം പേരെ ഒഴിപ്പിക്കാൻ നടപടി പൂർത്തിയാക്കിയ ശേഷമാണ് യുദ്ധം രൂക്ഷമായ കിഴക്കൻ മേഖലയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇന്ത്യ റഷ്യയെ സമീപിച്ചത്. യുദ്ധം തുടങ്ങിയതുതൊട്ട് മലയാളി വിദ്യാർഥികൾ വിഡിയോകളിലൂടെയും മാധ്യമങ്ങളിലൂടെയും ഉന്നയിച്ച റഷ്യ വഴിയുള്ള ഒഴിപ്പിക്കൽ റഷ്യൻ സ്ഥാനപതിയുമായി ചർച്ച ചെയ്തെന്ന് കേന്ദ്ര വിദേശ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ള വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ റഷ്യയിലെ ഇന്ത്യൻ എംബസിയിലെ സെക്രട്ടറി തല ഉദ്യോഗസ്ഥെന അതിർത്തിയിലേക്ക് അയച്ചിട്ടുണ്ട്. ഇതു കൂടാതെ, മൊൾഡോവ വഴി ഇന്ത്യക്കാരെ കൊണ്ടുവരാൻ വിദേശ മന്ത്രി ജയശങ്കർ ആ രാജ്യത്തിന്റെ വിദേശ മന്ത്രിയെ വിളിച്ചു. ഇതുവരെ ഒഴിപ്പിച്ചത് ഹംഗറിക്കും റുമേനിയക്കും അടുത്തുള്ളവരെയാണ്. റഷ്യയുടെയും യുക്രെയ്നിന്റെയും സ്ഥാനപതിമാരെ പ്രത്യേകം വിളിച്ച് ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും പങ്കുവെച്ചു. ഇന്ത്യൻ വിദ്യാർഥികൾ കേന്ദ്രീകരിച്ച സ്ഥലങ്ങൾ എതാണെന്ന വിവരം രണ്ട് സ്ഥാനപതിമാർക്കും നൽകിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാമെന്ന് ഇരുവരും ഉറപ്പുനൽകിയെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ വഴി ഒഴിപ്പിക്കണമെന്ന മലയാളി വിദ്യാർഥികളുടെ ആവശ്യം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും അതിനുള്ള സാധ്യത ആരായുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചിരുന്നെന്നും കേരളത്തിന്റെ സ്പെഷൽ സെക്രട്ടറി വേണു രാജാമണി ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.
'ഓപറേഷൻ ഗംഗ' എന്ന് പേരിട്ട ഇന്ത്യയുടെ ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി ആറ് പ്രത്യേക വിമാനങ്ങളാണ് ഞായറാഴ്ച വരെ കേന്ദ്ര സർക്കാർ ചാർട്ടേഡ് ചെയ്തത്. അതിൽ നാലും ഞായറാഴ്ച വൈകീട്ടോടെ ഇന്ത്യക്കാരുമായി എത്തി. രണ്ടു വിമാനം നടപടിക്രമം പൂർത്തിയാക്കി തിങ്കളാഴ്ച പുലരും മുമ്പ് ഇന്ത്യയിലെത്തുമെന്ന് വിദേശ സെക്രട്ടറി പറഞ്ഞു. മടങ്ങാനുള്ള വിമാനം പ്രതീക്ഷിച്ച് റുമേനിയ, ഹംഗറി അതിർത്തിയിൽ ഇതിനകം ആയിരക്കണക്കിന് പൗരന്മാർ എത്തിയിട്ടുണ്ട്. പോളണ്ട് അതിർത്തിയിൽ എത്തിയവർക്ക് പ്രശ്നങ്ങളുണ്ടായി. ഒഴിപ്പിച്ച ഇന്ത്യക്കാരെയും കൊണ്ടുള്ള നാലാമത്തെ വിമാനം ഞായറാഴ്ച വൈകീട്ടാണ് ഡൽഹിയിലെത്തിയത്. തിങ്കളാഴ്ച പുലർച്ചയോടെ രണ്ടു വിമാനങ്ങൾ കൂടി വരുമെന്ന് വിദേശ സെക്രട്ടറി പറഞ്ഞു. 20,000ത്തോളം ഇന്ത്യക്കാർ യുക്രെയ്നിൽ കുടുങ്ങിയെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.