(Reuters photo)

4.8 ലക്ഷമല്ല, ഇന്ത്യയിൽ 32 ലക്ഷത്തിലധികം ആളുകൾ കോവിഡ്​ ബാധിച്ച്​ മരിച്ചെന്ന്​ പഠനം

ന്യൂഡൽഹി: ഇന്ത്യയിലെ യഥാർത്ഥ കോവിഡ് മരണങ്ങൾ റിപ്പോർട്ട്​ ചെയ്തതിനേക്കാൾ ആറോ, ഏഴോ ഇരട്ടിയായിരിക്കാമെന്ന്​ പഠനം. വ്യാഴാഴ്​ച്ച ഒരു സയൻസ്​ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അത്​ 32 ലക്ഷമായിരിക്കാമെന്നാണ്​​ ചൂണ്ടിക്കാട്ടുന്നത്​. ​അതിൽ 27 ലക്ഷം മരണങ്ങൾ സംഭവിച്ചത് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയായിരുന്നെന്നും പഠനത്തിൽ പറയുന്നുണ്ട്​. രാജ്യത്തുടനീളം ഡെൽറ്റ തരംഗ ആഞ്ഞടിച്ച​ കാലഘട്ടമായിരുന്നു അത്​. അതേസമയം, മഹാമാരി ആദ്യം റിപ്പോർട്ട്​ ചെയ്തത്​ മുതൽ ഇതുവരെ 483,178 കോവിഡ് -19 മരണങ്ങളാണ്​ ഇന്ത്യയിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയത്​.

ഒരു സ്വതന്ത്രവും രണ്ട്​ സർക്കാർ ഡാറ്റാ സ്​ത്രോതസ്സുകളും അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ്​ ഗവേഷകർ ഇത്​ കണ്ടെത്തിയത്​. 2020 മാർച്ച് മുതൽ 2021 ജൂലൈ വരെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 137,289 മുതിർന്ന ആളുകളെ അഭിമുഖം നടത്തിയായിരുന്നു പഠനം.

കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ പ്രൊഫസറായ പ്രഭാത് ഝായുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷക സംഘം, 2020 ജൂൺ മുതൽ 2021 ജൂലൈ വരെ സംഭവിച്ച മരണങ്ങളിൽ 29 ശതമാനവും കോവിഡ്​ മൂലമാണെന്ന്​ കണ്ടെത്തി, ആകെയുള്ള 32 ലക്ഷം മരണങ്ങളിൽ 27ലക്ഷവും 2021 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലാണ്​ സംഭവിച്ചതത്രേ.

57,000 പേരിൽ നടത്തിയ മറ്റൊരു ഉപസർവേയിൽ മരണനിരക്കിൽ സമാനമായ വർധനവ്​ കാണിച്ചു. കോവിഡ്​ 19, കോവിഡ് ഇതര​ മരണങ്ങൾ എന്നിവ ഒരേപോലെ ഉയർന്നതായും അവർ ചുണ്ടിക്കാട്ടി.


അതുപോലെ, രണ്ട്​ സർക്കാർ ഡാറ്റാ സ്​ത്രോതസ്സുകൾ കണ്ടെത്തിയത്​ പ്രകാരം, പകർച്ചവ്യാധിക്ക് മുമ്പുള്ള കാലഘട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മറ്റ്​ കാരണത്താലുള്ള മരണനിരക്കും രാജ്യത്ത്​ ഗണ്യമായി കൂടിയതായി കണ്ടെത്തിയിട്ടുണ്ട്​. രണ്ട്​ ലക്ഷം ആരോഗ്യ കേന്ദ്രങ്ങളിൽ 27 ശതമാനം കൂടിയെന്നാണ്​ കണക്ക്​. 10 സംസ്ഥാനങ്ങളിലെ സിവിൽ രജിസ്ട്രേഷൻ മരണങ്ങളിലും 26 ശതമാനം വർധനവ്​ രേഖപ്പെടുത്തിയിട്ടുണ്ട്​. 2021ലാണ് കൂടുതൽ​ വർധനവുണ്ടായതെന്നും പഠനം പറയുന്നു.

"2021 സെപ്റ്റംബർ വരെയുള്ള ഇന്ത്യയിലെ മൊത്തം കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിനേക്കാൾ 6-7 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി," - പഠനത്തിന്​ പിന്നിലുള്ളവർ പറയുന്നു. കോവിഡ്​ മരണങ്ങളാണെന്നത്​ സാക്ഷ്യപ്പെടുത്തുന്നതിലെ പിഴവുകളും മറ്റും കാരണം ഇന്ത്യയിൽ ആകെ റിപ്പോർട്ട്​ ചെയ്യപ്പെട്ട കോവിഡ്​ മരണങ്ങളുടെ കണക്കുകൾ അപുർണ്ണമാണെന്ന്​ പരക്കെ വിശ്വസിക്കപ്പെടുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കോവിഡ്​ മരണങ്ങൾ കൂടുതലും ഗ്രാമപ്രദേശങ്ങളിൽ നടക്കുന്നത്​ മൂലമാണിതെന്നും പലപ്പോഴും വൈദ്യസഹായം പോലും കിട്ടാതെയാണ്​ പലരും മരിക്കുന്നതെന്നും അവർ വ്യക്​തമാക്കുന്നു.


സ്വതന്ത്ര സ്വകാര്യ പോളിംഗ് ഏജൻസിയായ CVoter നടത്തിയ ദേശീയ പ്രതിനിധി ടെലിഫോൺ സർവേയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണനിരക്കിലാണ്​ ആദ്യമായി ഗവേഷകർ പഠനം നടത്തിയത്​. കൂടാതെ, 10 സംസ്ഥാനങ്ങളിലെ ദേശീയ സൗകര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള മരണങ്ങളെയും സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സിആർഎസ്) മരണങ്ങളെയും കുറിച്ചുള്ള ഇന്ത്യൻ സർക്കാരിന്റെ ഭരണപരമായ ഡാറ്റ ഗവേഷകർ പഠിച്ചു.

2022 ജനുവരി 1 വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയിൽ 35 ദശലക്ഷത്തിലധികം കോവിഡ്​ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കണക്കിൽ യുഎസിനു പിന്നിൽ രണ്ടാമതാണ്​ ഇന്ത്യ. എന്നാൽ, ആകെ കോവിഡ്​ മരണങ്ങൾ 4.8 ലക്ഷം മാത്രമാണ്​.

"ഞങ്ങളുടെ കണ്ടെത്തലുകൾ സ്ഥിരീകരിക്കപ്പെട്ടാൽ, ലോകാരോഗ്യ സംഘടനയുടെ ആഗോള കോവിഡ് മരണനിരക്ക്​ (2022 ജനുവരി ഒന്ന്​ വരെ 54 ലക്ഷം) സംബന്ധിച്ച കണക്കുകളുടെ ഗൗരവമായ പുനരവലോകനം ആവശ്യമായി വന്നേക്കാം'' - ഗവേഷകർ പറഞ്ഞു. ഇന്ത്യയിൽ 2021 ജൂൺ വരെയുള്ള ആകെ കൊവിഡ് മരണങ്ങളുടെ മാതൃകാ അടിസ്ഥാനത്തിലുള്ള കണക്കുകൾ ഏതാനും ലക്ഷം മുതൽ നാല്​ ദശലക്ഷത്തിലധികം വന്നേക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, രാജ്യത്ത് ഒമിക്രോൺ, കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്​. പ്രതിദിന കേസുകൾ ഇന്നും ഒരു ലക്ഷം കടന്നേക്കുമെന്നാണ്​ റിപ്പോർട്ടുകൾ. അതേസമയം, രാജ്യത്ത് ബൂസ്റ്റർ ഡോസിന് അർഹരായവരുടെ പട്ടിക കേന്ദ്ര സർക്കാർ ഇന്ന് പ്രസിദ്ധീകരിക്കും.

Tags:    
News Summary - India's Covid mortality maybe 6-7 times higher than officially reported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.