രാജ്യത്ത് ചീറ്റകൾക്കും രക്ഷയില്ല; വിദേശത്തുനിന്ന്​ എത്തിച്ചതിൽ ഒമ്പത്​ എണ്ണവും ചത്തു; മോദിയുടെ സ്വപ്ന പദ്ധതി അവതാളത്തിൽ

രാജ്യത്ത്​ വംശനാശം സംഭവിച്ച ചീറ്റകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച പദ്ധതികളിൽ ഒന്നായിരുന്നു പ്രോജക്​ട്​ ചീറ്റ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിക്കായി വലിയതരത്തിലുള്ള പി.ആർ പ്രവർത്തനങ്ങളും നടന്നിരുന്നു. ചീറ്റകളെ തുറന്നുവിടാൻ മോദിതന്നെ നേരിട്ട്​ എത്തുകയും ഫോട്ടോഷൂട്ട്​ നടത്തുകയും ചെയ്തതും വലിയ വാർത്തയായിരുന്നു. എന്നാൽ രാജ്യത്ത്​ എത്തിച്ച ചീറ്റകളിൽ ഒമ്പത്​ എണ്ണമാണ്​ ഇതുവരെ ചത്തത്​. കൂടുതൽ എണ്ണം ചാകുമെന്ന ആശങ്കയും വിദഗ്​ധർക്കിടയിൽ നിലനിൽക്കുകയാണ്​.

ഒരു വർഷം മുൻപാണ് എട്ട് നമീബിയൻ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്​. ലോകത്തിലെ തന്നെ എക്കാലത്തെയും വലിയ വന്യജീവി കൈമാറ്റമാണ്​ അന്നുനടന്നത്​. അഞ്ച് മാസത്തിന് ശേഷം ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് 12 ചീറ്റകളെക്കൂടി കൊണ്ടുവന്നു. കുനോ ദേശീയ ഉദ്യാനത്തിലേക്കാണ്​ ചീറ്റകളെ കൊണ്ടുവന്നത്​. 70 വര്‍ഷം മുൻപ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും ഇന്ത്യയില്‍ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും 20 ചീറ്റകളെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ചത്.

ഇതിൽ ആറ് വലിയ ചീറ്റകളും മൂന്ന് ചീറ്റക്കുഞ്ഞുങ്ങളും ഇതിനോടകം ചത്തു. ഇനിയും ചീറ്റകൾ ചാകാനുള്ള സാധ്യത കൂടുതലാണെന്ന് വന്യജീവി വി​ദ​ഗ്ധർ പറയുന്നു. ആദ്യ വർഷത്തിൽ കുറഞ്ഞത് 50 ശതമാനം മരണനിരക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒമ്പതോളം ചീറ്റകൾ ചത്തത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്​

ഇതുവരെ ചത്തതിൽ ഭൂരിഭാ​ഗവും കൂട്ടിനകത്തു കിടന്ന ചീറ്റകളാണ്. കെണിയിൽ പെട്ടുള്ള മരണം, പുള്ളിപ്പുലി ആക്രമണം, അല്ലെങ്കിൽ കാട്ടിലെ മനുഷ്യ-വന്യജീവി സംഘർഷം എന്നിവ മൂലമാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടുതൽ ചീറ്റകളും ചാകുന്നത്. എന്നാൽ കുനോയിലെ മരണങ്ങൾ ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നു. ചില വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നതുപോലെ ഒരു പരിധി വരെ ഒഴിവാക്കാവുന്നതും ആയിരുന്നു.

ജനിച്ച് രണ്ട് മാസത്തിനുള്ളിൽ മൂന്ന് ചീറ്റക്കുഞ്ഞുങ്ങളാണ് ചത്തത്. ഇതിൽ മിക്കതിനും പോഷകാഹാരക്കുറവ് ഉണ്ടായിരുന്നു എന്ന് വി​ദ​ഗ്ധർ പറയുന്നു. ഒരു പെൺ ചീറ്റയെ രണ്ട് ആൺചീറ്റകൾ ചേർന്നാണ് കൊന്നത്. രണ്ട് ചീറ്റകൾ സെപ്റ്റിസീമിയ (septicemia) ബാധിച്ച് മരണത്തിന് കീഴടങ്ങി. കൂട്ടിൽ കിടന്നിരുന്ന മൂന്ന് ചീറ്റകൾ ചർമത്തിലുണ്ടായ അണുബാധ മൂലമാണ് ചത്തത്. ആദ്യത്തേതിന്റെ ചർമത്തിന്റെ നിറം മാറിയത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടപ്പോഴേക്കും രോ​ഗം വഷളായിരുന്നു. രണ്ടാമത്തെ ചീറ്റ ഇതേ രോ​ഗം മൂലം ദിവസങ്ങളുടെ വ്യത്യാസത്തിലാണ് മരിച്ചത്. താമസിയാതെ മൂന്നാമനും അണുബാധയ്ക്ക് കീഴടങ്ങി.

ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട് ഇന്ത്യയെ കാത്തിരിക്കുന്നത് കൂടുതൽ ദുഷ്‌കരമായ സമയമാണെന്ന് വിദഗ്ധർക്ക് പറയുന്നു. രാജ്യത്തെ പുതിയ സീസണൽ സൈക്കിളുമായി പൊരുത്തപ്പെടാൻ ചീറ്റകൾക്ക് സമയമെടുക്കും. അതിനാൽ കൂടുതൽ മരണനിരക്കും ഉണ്ടാകും. പെൺ ചീറ്റകളുടെ പ്രത്യുത്പാദന ഇടവേളകൾ ക്രമീകരിക്കേണ്ടി വരും. ഇന്ത്യയിലെ പ്രതികൂല സാഹചര്യങ്ങൾ നേരിട്ട് പെൺ ചീറ്റകൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിന് ഏറെ സമയമെടുത്തേക്കും.

Tags:    
News Summary - India's project cheetah looks for revamp with constant loss of the fierce cats flown from Namibia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.