മുംബൈ: 40 വർഷം മുമ്പ് ടാറ്റ കൺസൽട്ടന്റ് സർവിസിൽ ആദ്യ ജോലിക്ക് പ്രവേശിച്ചപ്പോൾ ലഭിച്ച ശമ്പളത്തിന്‍റെ വിവരം പങ്കുവെച്ച മുൻ ഐ.എ.എസ് ഓഫിസർ രോഹിത് കുമാർ സിങ്ങിന്‍റെ പോസ്റ്റ് വൈറലായി. ഐ.ടി സ്ഥാനപമായ ടി.സി.എസിൽ നിന്ന് തനിക്ക് ലഭിച്ച ഓഫർ ലെറ്ററാണ് രോഹിത് കുമാർ സിങ് സമൂഹ മാധ്യമമായ ‘എക്സി’ൽ പങ്കുവെച്ചത്.
40 വർഷങ്ങൾക്ക് മുമ്പ് 1984ൽ, വാരണാസിയിലെ ബി.എച്ച്.യു ഐ.ഐ.ടിയിൽ നിന്ന് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെയാണ് തനിക്ക് മുംബൈയിൽ ടി.സി.എസിൽ ആദ്യത്തെ ജോലി ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. 1,300 രൂപ അന്ന് വലിയ ശമ്പളമായിരുന്നുവെന്നും നരിമാൻ പോയിന്റിലെ എയർ ഇന്ത്യ ബിൽഡിംഗിന്‍റെ 11-ാം നിലയിൽ നിന്നുള്ള കാഴ്ച രാജകീയമായിരുന്നുവെന്നും അദ്ദേഹം എഴുതി. പോസ്റ്റ് വൈറലാകുകയും നിരവധി ആളുകൾ ജോലിയെക്കുറിച്ചും തങ്ങളുടെ ആദ്യ ശമ്പളത്തെ കുറിച്ചും കമന്‍റുകൾ പങ്കുവെക്കുകയും ചെയ്തു.
സിങ് നിലവിൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ അംഗമാണ്. ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയിലെ (ബി.എച്ച്.യു) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐ.ഐ.ടി) നിന്നാണ് അദ്ദേഹം ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദം നേടിയത്. ടി.സി.എസിൽ ചേർന്ന ശേഷം, ന്യൂയോർക്കിലെ ക്ലാർക്‌സൺ യൂനിവേഴ്‌സിറ്റിയിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി ചേർന്നു. പിന്നീട് തിരികെയെത്തിയാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ പാസായി ഐ.എ.എസിന്‍റെ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.