മോദി ലഡാക്കി​ന്‍റെ ശബ്ദം കേൾക്കേണ്ടിവരും -രാഹുൽ

ന്യൂഡൽഹി: കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുക്കിനെയും മറ്റ് നിരവധി ലഡാക്കികളെയും തടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഇത് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കി​ന്‍റെ ശബ്ദം കേൾക്കേണ്ടിവരുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

അധികാരത്തിലെത്തിയ മോദി സർക്കാരി​ന്‍റെ ധാർഷ്ട്യമാണ് ലഡാക്കിൽനിന്ന് ഡൽഹിയിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയ ഒരു കൂട്ടം പൗരന്മാരെ തടഞ്ഞതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇത് ഭീരുത്വം നിറഞ്ഞ നടപടിയല്ലാതെ മറ്റൊന്നുമല്ലെന്നും അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും ഖാർഗെ പറഞ്ഞു. ലഡാക്കിൽ ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിലുള്ള ആദിവാസി സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആഹ്വാനങ്ങൾക്ക് വ്യാപകമായ ജനപിന്തുണയുടെ തരംഗമു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ലഡാക്കിലെ പരിസ്ഥിതി ലോലമായ ഹിമാലയൻ ഹിമാനികളെ തങ്ങളുടെ ചങ്ങാതിമാർക്ക് പ്രയോജനപ്പെടുത്താനാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത്. ഈ സംഭവം നമ്മോട് പറയുന്നത് ഈ സർക്കാരി​ന്‍റെ ധിക്കാരപരമായ സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല എന്നാണെന്നും ഖാർഗെ പറഞ്ഞു.

‘പരിസ്ഥിതി- ഭരണഘടനാ അവകാശങ്ങൾക്കായി സമാധാനപരമായി മാർച്ച് ചെയ്യുന്ന സോനം വാങ്‌ചുക്ക് ജിയെയും നൂറുകണക്കിന് ലഡാക്കികളെയും തടങ്കലിൽ വെക്കുന്നത് അംഗീകരിക്കാനാവില്ല. ലഡാക്കി​ന്‍റെ ഭാവിക്ക് വേണ്ടി നിലകൊണ്ടതിന് മുതിർന്ന പൗരന്മാരെ ഡൽഹി അതിർത്തിയിൽ തടവിലാക്കിയത് എന്തുകൊണ്ടാണെന്നും’ എക്‌സിലെ പോസ്റ്റിൽ ഗാന്ധി ചോദിച്ചു. ‘മോദി ജി, കർഷകരെപ്പോലെ ഈ ചക്രവ്യൂഹവും തകർക്കപ്പെടും. അതുപോലെ നിങ്ങളുടെ അഹങ്കാരവും തകരും. നിങ്ങൾ ലഡാക്കി​ന്‍റെ ശബ്ദം കേൾക്കേണ്ടിവരും’ - രാഹുൽ പറഞ്ഞു.

ഗാന്ധി ജയന്തിക്ക് ഒരു ദിവസം മുമ്പ് അദ്ദേഹത്തി​ന്‍റെ ആദർശങ്ങളെ ഒരിക്കൽ കൂടി കൊല്ലാൻ ഇന്ത്യാ സർക്കാർ ഒരുങ്ങുകയാണെന്ന് കോൺഗ്രസ് ഓർഗനൈസേഷൻ ഇൻചാർജ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. സോനം വാങ്‌ചുക്ക് ജിയുടെ അറസ്റ്റ് കാണിക്കുന്നത് അവരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ആരെയും സർക്കാർ ഭയപ്പെടുന്നുവെന്നാണ്. ലഡാക്കിനെ നിശബ്ദമാക്കുകയും ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കുകയും വൻകിട കോർപ്പറേറ്റുകൾക്ക് കൈമാറുകയും ചെയ്യുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. ഈ പ്രതിഷേധത്തിന് മാസങ്ങൾ പഴക്കമുണ്ട്. ഗാന്ധിയൻ ദൗത്യം ഏറ്റെടുത്തവരെ ഇത്തരം നിസ്സാര ഭീരുത്വപ്രവൃത്തികൾകൊണ്ട് പിന്തിരിപ്പിക്കാമെന്ന് ബി.ജെ.പി കരുതുന്നത് വിഡ്ഢിത്തമാണ്. തങ്ങളുടെ പതനത്തിന് കാരണമായ പാപങ്ങൾ ആവർത്തിക്കുന്ന മോദി ഭരണം നരകയാതനയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

Tags:    
News Summary - Modi will have to listen to the voice of Ladakh - Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.