ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുത്തനെ കൂടിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയാണ് (സി.എം.ഐ.ഇ) പുതിയ കണക്കുകൾ പുറത്തുവിട്ടത്. മാർച്ചിൽ 7.60 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഏപ്രിൽ മാസത്തിൽ 7.83 ശതമാനമായി വർധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ തന്നെ നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് മാർച്ചിൽ 8.28 ശതമാനമായിരുന്നത് ഏപ്രിലിൽ 9.22 ശതമാനമായി വർധിച്ചു. അതേസമയം ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.29 ശതമാനത്തിൽനിന്ന് 7.18 ആയി കുറഞ്ഞു.
ഹരിയാനയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത്. 34.5 ശതമാനമാണ് ഇവിടത്തെ തൊഴിലില്ലായ്മാ നിരക്ക്. തൊട്ടുപിന്നാലെ 28.8 ശതമാനവുമായി രാജസ്ഥാനുമുണ്ട്. സാമ്പത്തിക രംഗത്ത് രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയാണ് തൊഴിലില്ലായ്മയുടെ പ്രധാന കാരണമെന്നും സി.എം.ഐ.ഇ വ്യക്തമാക്കുന്നു.
തൊഴിലില്ലായ്മ വർധിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം ചില്ലറ (റീട്ടെയിൽ) പണപ്പെരുപ്പം കഴിഞ്ഞ 17 മാസത്തിനിടെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. മാർച്ചിൽ 6.95 ശതമാനമായിരുന്നു റീട്ടെയിൽ പണപ്പെരുപ്പം. ഇത് ഈ വർഷം അവസാനത്തോടെ 7.5 ശതമാനത്തിലെത്തിയേക്കാം എന്നും റിപ്പോർട്ടിലുണ്ട്. വൈകാതെതന്നെ കേന്ദ്രസർക്കാർ റിപ്പോ നിരക്ക് വർധിപ്പിക്കാനും സാധ്യതയുണ്ടെന്ന് കാപ്പിറ്റൽ ഇക്കണോമിക്സിലെ സാമ്പത്തിക വിദഗ്ധൻ ഷിലൻ ഷാ അഭിപ്രായപ്പെട്ടു.
'സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി'യുടെ റിപ്പോർട്ടുകൾ ഗൗരവത്തോടെയാണ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധരെല്ലാം നോക്കിക്കാണാറ്. കേന്ദ്ര സർക്കാർ ഇത്തരത്തിലുള്ള ഒരു കണക്കുകളും മാസാമാസം പുറത്തുവിടാത്തതിനാൽ ഔദ്യോഗിക കണക്ക് എന്ന രീതിയിൽതന്നെ ഈ റിപ്പോർട്ടുകൾ ചർച്ചയാവാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.