അമൃത്‌സർ: എയർ ഹോസ്റ്റസിനോട് ലൈംഗിക ചുവയോടെ സംസാരിച്ച യാത്രക്കാരനെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശി മുഹമ്മദ് ഡാനിഷിനെയാണ് അമൃത്‌സർ വിമാനത്താവളത്തിൽ പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് 6.15ന് ലക്നൗവിൽനിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം.
യാത്രക്കിടെ എയർ ഹോസ്റ്റസുമായി തർക്കത്തിൽ ഏർപ്പെട്ട യുവാവ്, പിന്നാലെ ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു. ഇതോടെ എയർ ഹോസ്റ്റസ്, അധികൃതരെ വിവരമറിയിച്ചു. വിമാനം അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ സുരക്ഷ ഉദ്യോഗസ്ഥർ ഡാനിഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ വിമാനത്താവളം സബ് ഇൻസ്പെക്ടർ പർഗത് സിങ്ങിന് പരാതി നൽകിയതോടെ കേസെടുത്തു. യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തെതുടർന്ന് വിമാനം 15 മിനിറ്റോളം വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.