കോവിഡ് വ്യാപനത്തിലും മരണത്തിലും രാജ്യതലസ്ഥാനം വിറങ്ങലിച്ചപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തിയ തേരോട്ടത്തിലൂടെ പശ്ചിമ ബംഗാളിൽ സൃഷ്ടിച്ച ഹിന്ദുത്വ ധ്രുവീകരണത്തിന് പ്രതികരണമായി വിപരീത ധ്രുവീകരണവും. പശ്ചിമ ബംഗാളിലെ മുസ്ലിംകേന്ദ്രീകൃത നിയമസഭ മണ്ഡലങ്ങളിൽ ദൃശ്യമാകുന്ന ഈ വിപരീത ധ്രുവീകരണത്തിന് വിലയൊടുക്കുന്നത് ഇടതുപക്ഷവുമായും അബ്ബാസ് സിദ്ദീഖിയുമായി ചേർന്ന് സഖ്യമുണ്ടാക്കിയ കോൺഗ്രസ് ആയിരിക്കുെമന്നതാണ് രസകരം.
ബംഗാളിൽ മുഴുവൻ പാർട്ടി തകർന്നടിഞ്ഞിട്ടും കോൺഗ്രസിെൻറ ശക്തിദുർഗങ്ങളായി പിടിച്ചുനിന്ന മാൾഡ, മുർഷിദാബാദ് മേഖലകളിലാണ് ഹിന്ദു ധ്രുവീകരണം സൃഷ്ടിച്ച ആശങ്കയിലും ആധിയിലും വിപരീത ന്യൂനപക്ഷ ധ്രുവീകരണവും സംഭവിച്ചുകാണ്ടിരിക്കുന്നത്. സാധാരണഗതിയിൽ കോൺഗ്രസിന് ലഭിേക്കണ്ടിയിരുന്ന ഈ മേഖലയിലെ മിക്ക നിയമസഭ സീറ്റുകളിലും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന വിപരീത ധ്രുവീകരണം വോട്ടിൽ പ്രതിഫലിച്ചാൽ അവ തൃണമൂൽ കോൺഗ്രസിന് ശൂന്യതയിൽ നിന്നുള്ള നേട്ടമായി മാറും.
ബി.ജെ.പി-തൃണമൂൽ പോര് മുറുകുകയും ഹിന്ദു ധ്രുവീകരണത്തിനായി വർഗീയത ആളിക്കത്തിക്കുകയും ചെയ്തതോടെ കോൺഗ്രസിെൻറ നിരവധി സീറ്റുകളിൽ കടുത്ത മത്സരം കാഴ്ചവെക്കുന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയസാധ്യത ഏറിയിരിക്കുകയാണെന്ന് ഈ ദരിദ്രമേഖലയിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന അബ്ദുൽ അസീസ് 'മാധ്യമ'ത്തോടു പറഞ്ഞു.
പരമാവധി സീറ്റുകൾ തൃണമൂൽ കോൺഗ്രസിന് ലഭിച്ചില്ലെങ്കിൽ ബി.ജെ.പി ബംഗാളിൽ അധികാരത്തിലേറും എന്ന ആശങ്ക മേഖലയിലെ മുസ്ലിം ന്യൂനപക്ഷങ്ങളിലുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയുമായി തൃണമൂൽ ശക്തമായ മത്സരം കാഴ്ചവെക്കുന്ന മണ്ഡലങ്ങളിൽ മുസ്ലിം സംഘടനകൾ ആ തരത്തിൽ നിശ്ശബ്ദ കാമ്പയിൻ സമുദായത്തിനുള്ളിൽ നടത്തുന്നുണ്ടെന്ന് അബ്ദുൽ അസീസ് പറഞ്ഞു. മാൾഡയിലെ പൊതുപ്രവർത്തകനായ മുഹമ്മദ് അലിയും ഇക്കാര്യം സ്ഥിരീകരിച്ചു.
മാൾഡയിൽ ഒരു മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തിയ വെൽഫെയർ പാർട്ടിയുടെ ജില്ല നേതാവായ അബ്ദുൽ വദൂദ് പറയുന്നത് തൃണമൂലിെൻറ ജയസാധ്യത എട്ടോ ഒമ്പതോ മണ്ഡലത്തിൽവരെ ആകാമെന്നാണ്. ധ്രുവീകരണ രാഷ്്്ട്രീയത്തിെൻറ ബി.ജെ.പി - തൃണമൂൽ പോര് മുറുകിയതുകൊണ്ടാണ് പശ്ചിമ ബംഗാളിലെ നാലു മണ്ഡലങ്ങിൽ മാത്രമാക്കി തങ്ങൾപോലും മത്സരം പരിമിതപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിട്ടും ത്രികോണ മത്സരം നടക്കുന്ന ചില മണ്ഡലങ്ങളിൽ മുസ്ലിം സ്ഥാനാർഥികളെ നിർത്തി വോട്ടുകൾ ഭിന്നിക്കുന്നത് തങ്ങൾക്ക് അനുകൂലമാക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമം വിജയിച്ചേക്കാമെന്നും അങ്ങനെയെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പുപോലെ ചില മണ്ഡലങ്ങളിൽ ബി.ജെ.പി ജയിച്ചുകയറിയേക്കുമെന്നും വദൂദ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.