ഭോപാൽ: മതന്യൂനപക്ഷങ്ങൾക്കെതിരെ എന്ത് അരുതായ്മകളും ചെയ്തുകൂട്ടാൻ വർഗീയ അതിക്രമകാരികൾക്ക് ബലം നൽകുകയാണ് മധ്യപ്രദേശ് സംസ്ഥാന ഭരണകൂടവും പൊലീസും. രാമനവമി ഘോഷയാത്രക്ക് പിന്നാലെ ഖാർഗാവിൽ അക്രമങ്ങൾക്കും കൊള്ളിവെപ്പിനും ഇരയായ മുസ്ലിം സമുദായമിപ്പോൾ ഭരണകൂടത്തിന്റെ നിരന്തരവേട്ടകൾകൂടി സഹിക്കേണ്ടിവരുന്നു.
ഏപ്രിൽ 10ന് തുടങ്ങിയ സംഘ്പരിവാർ ആക്രമണത്തിൽ 25 വീടുകളും നിരവധി വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തീവെച്ച് നശിപ്പിക്കപ്പെട്ടിരുന്നു. പിറ്റേദിവസം ഇവിടെ ബുൾഡോസറുകളുമായെത്തിയ പ്രാദേശിക ഭരണകൂടം അനധികൃത കൈയേറ്റമെന്നാരോപിച്ച് മുസ്ലിം സമുദായാംഗങ്ങളുടെ അമ്പതിലേറെ വീടുകളും കടകളുമാണ് ഇടിച്ചുനിരത്തിയത്. നൂറിലേറെ പേരെ അറസ്റ്റുചെയ്തു- എല്ലാവരും മുസ്ലിംകൾ, രജിസ്റ്റർ ചെയ്യപ്പെട്ട 11 എഫ്.ഐ.ആറുകളും അവർക്കെതിരെ. മറ്റാരും പരാതിയുമായി സമീപിക്കാത്തതുകൊണ്ടാണ് എഫ്.ഐ.ആറുകൾ ഏകപക്ഷീയമായത് എന്നാണ് പൊലീസിന്റെ വിശദീകരണം.
വർഗീയ അതിക്രമങ്ങൾ അന്വേഷിക്കുന്നത് സംബന്ധിച്ച് ഉത്തരവാദപ്പെട്ട സർക്കാർ അധികാരികളാരും ഇതുവരെ സംസാരിച്ചിട്ടില്ല. അനിഷ്ടസംഭവങ്ങൾക്ക് വഴിവെക്കുംവിധത്തിൽ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടികളുമുണ്ടായിട്ടില്ല. എന്നാൽ, വീടുകൾ ഇടിച്ചുനിരത്താനുള്ള കാരണത്തെക്കുറിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 'കലാപകാരികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന പൊതു-സ്വകാര്യ സ്വത്ത് റിക്കവറി ആക്ട് നടപ്പാക്കി വരുകയാണെന്നും അത്തരക്കാരെ മുച്ചൂടും നശിപ്പിച്ചുകളയുമെന്നുമാണ് സ്വതവേ ശാന്തഭാഷിയായി വിശേഷിപ്പിക്കപ്പെടുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചത്. നവമി ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞ വീടുകൾ തകർത്തെറിയുമെന്ന് ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയും പറഞ്ഞു. ഇൗ പ്രസ്താവനകളുടെ ബലത്തിലാണ് ബുൾഡോസറുകളുമായി അധികാരികൾ മുന്നോട്ടുവന്നത്. എന്നാൽ, തകർക്കുന്നതിനു മുമ്പ് ഉടമകൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നോട്ടീസുകൾപോലും നൽകിയിരുന്നില്ല.
അനധികൃത നിർമാണമാണെങ്കിൽ പൊളിക്കുന്നതിനു മുമ്പ് മുനിസിപ്പൽ ചട്ടപ്രകാരം നോട്ടീസ് നൽകേണ്ടിയിരുന്നുവെന്നും വിവിധ സമുദായങ്ങൾ ഒന്നിച്ചുതാമസിക്കുന്ന കോളനിയിലെ ഏതാനും വീടുകൾ മാത്രം തിരഞ്ഞുപിടിച്ച് തകർത്തത് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി അഭിഭാഷകൻ ഇഹ്തിഷാം ഹശ്മി ചൂണ്ടിക്കാട്ടുന്നു. 15 വർഷമായി ഭരിക്കുന്ന ചൗഹാൻ ഭരണകൂടം കാലമിത്ര കഴിഞ്ഞിട്ടും അനധികൃത നിർമാണത്തിനോ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കോ എതിരെ നടപടി സ്വീകരിക്കാഞ്ഞത് എന്തുകൊണ്ടാണ് എന്നും അദ്ദേഹം ചോദിക്കുന്നു.
ഹിന്ദുത്വരിൽ മധ്യമനിലപാടുകാരനും മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗത്തിനിടയിൽപോലും സ്വീകാര്യനുമായിരുന്ന ശിവരാജ് ചൗഹാൻ, മോദി-യോഗി മാതൃകയിൽ കടുത്തഭാഷയിൽ സംസാരിക്കാനും നിലപാടുകൾ കടുപ്പിക്കാനും തുടങ്ങിയത് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയാണിപ്പോൾ. അടുത്ത വർഷം നവംബറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായ കോൺഗ്രസുമായി ബി.ജെ.പിയുടെ വോട്ടുവ്യത്യാസം വളരെ കുറവാണെന്നും മറ്റു സംസ്ഥാനങ്ങളിലേതു പോലുള്ള തീവ്രനിലപാട് കൈക്കൊള്ളുകയാണ് അതിനെ മറികടക്കാൻ പാർട്ടി കാണുന്ന മാർഗമെന്നും അവർ വിലയിരുത്തുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനജീവിതത്തിൽ വലിയ ദുരിതം വിതക്കുമ്പോൾ വർഗീയ ധ്രുവീകരണംകൊണ്ടാണ് സർക്കാർ നേരിടാൻ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ അരുൺ ദീഷിത് അഭിപ്രായപ്പെടുന്നു. യു.പിയിൽ 'ബുൾഡോസർ ബാബ'എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുയായികൾ വിശേഷിപ്പിക്കുന്നതെങ്കിൽ 'ബുൾഡോസർ മാമ'എന്ന വിശേഷണമാണ് അടുത്തകാലത്ത് ശിവരാജ് സിങ് ചൗഹാന് അനുയായികൾ ചാർത്തിക്കൊടുത്തിരിക്കുന്നത്. കൂറുമാറ്റത്തിലൂടെ കമൽനാഥ് സർക്കാറിനെ പുറത്താക്കി ചൗഹാൻ മുഖ്യമന്ത്രിയായ ഘട്ടത്തിൽ ബി.ജെ.പി എം.എൽ.എ രാമേശ്വർ ശർമ ബുൾഡോസർ വ്യൂഹവും ബുൾഡോസർ മാമ ബോർഡുകളും നിരത്തിയാണ് അദ്ദേഹത്തിന് അഭിവാദ്യമർപ്പിച്ചത്.
ഏകപക്ഷീയ ഇടിച്ചുനിരത്തലും അറസ്റ്റുകളും കഴിയുമ്പോഴും ചോദ്യങ്ങൾ ബാക്കിയാവുന്നു. നവമി ഘോഷയാത്രയുടെ റൂട്ട് അവസാന നിമിഷം സാമുദായിക ഭിന്നത നിലനിൽക്കുന്ന പ്രദേശങ്ങളിലൂടെയാക്കാൻ അനുമതി നൽകിയതെന്തുകൊണ്ടാണ്? വാളുകളും ലാത്തിയുമേന്തി ഘോഷയാത്ര നടത്താൻ അനുവദിച്ചതാരാണ്? പള്ളിയുടെ മുന്നിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയിട്ടും പൊലീസ് ഇടപെടാഞ്ഞത് എന്തുകൊണ്ടാണ്?
വിദ്വേഷപ്രസംഗങ്ങൾക്ക് കുപ്രസിദ്ധനായ ഡൽഹിയിലെ ബി.ജെ.പി നേതാവ് കപിൽ മിശ്ര കലാപം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മേഖലയിലുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്ന വിഡിയോകൾ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാകുമെന്ന് വ്യക്തമാണ്. എന്നാൽ ഇയാൾക്കെതിരെ എഫ്.ഐ.ആർ എടുക്കാൻ പൊലീസ് ഇപ്പോഴും തയാറാവാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ചോദിക്കുന്നു.
ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ആഘോഷിക്കാനിരിക്കെ സമൂഹമാധ്യമങ്ങളിൽ പ്രകോപന സന്ദേശങ്ങൾ വ്യാപിച്ചുകഴിഞ്ഞു. അക്രമസാധ്യതകൾ തടഞ്ഞ് പൊലീസ് കാര്യക്ഷമമായി നിയമസംരക്ഷണം ഉറപ്പാക്കണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നു. അതിനിടെ, നൂറോളം ന്യൂനപക്ഷ സമുദായ കുടുംബങ്ങൾ ഖാർഗാവിൽനിന്ന് പലായനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.