അകത്ത് കഴിയുന്നത് തന്നെ സുരക്ഷിതം; പരോൾ അനുവദിച്ചിട്ടും സ്വീകരിക്കാൻ മടിച്ച് ജയിൽപുള്ളികൾ

ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗം പതിയെ ശക്തി കുറയുകയാണെങ്കിലും ഭീതിയിൽ നിന്ന് മുക്തരായിട്ടില്ല ആരും. മാസങ്ങൾക്കുള്ളിൽ തന്നെ കോവിഡിന്‍റെ മൂന്നാംതരംഗം വരാനുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ, പ്രത്യേക പരോൾ അനുവദിച്ചിട്ടും ജയിൽ വിട്ടു പോകാൻ തടവുപുള്ളികൾ മടികാണിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജയിലുകളിലെ തടവുപുള്ളികളുടെ എണ്ണം കുറക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. മഹാരാഷ്ട്രയിലെ 46 ജയിലുകളിൽ നിന്ന് മാത്രമായി 10,000ത്തോളം തടവുകാരാണ് അടിയന്തര പരോളിൽ പുറത്തിറങ്ങിയത്. എന്നാൽ, ഇപ്പോൾ പല തടവുപുള്ളികൾക്കും പുറത്തേക്ക് പോകാൻ താൽപര്യമില്ല.

26 തടവുകാർ അടിയന്തര പരോൾ നിരസിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. കോവിഡും ലോക്ഡൗണും ഒക്കെക്കൂടിയ സാഹചര്യത്തിൽ പുറത്തുപോകാൻ താൽപര്യമില്ലാത്തവരാണ് ഇവർ. തടവുകാരെ പരോളിൽ പോകാൻ നിർബന്ധിക്കരുതെന്ന് കഴിഞ്ഞ മാസം ബോംബെ ഹൈകോടതി ജയിൽ വകുപ്പിന് നിർദേശം നൽകിയിരുന്നു.

യു.പിയിൽ ഒമ്പത് ജയിലുകളിലെ 21 തടവുകാർ തങ്ങൾക്ക് പരോൾ വേണ്ടെന്നും പുറത്തുപോകുന്നതിനെക്കാൾ നല്ലത് ജയിലാണെന്നും എഴുതി നൽകിയിരിക്കുകയാണ്. ജയിലിൽ കൃത്യമായ ഭക്ഷണം, ആരോഗ്യ പരിശോധനകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയെല്ലാം തടവുകാർക്ക് ലഭിക്കുന്നുണ്ട്. പുറത്തിറങ്ങിയാൽ ഇതൊന്നും ലഭിക്കാത്ത സാഹചര്യമാണ്. ഇതാണ് പലരും പുറത്തുപോകാൻ മടി കാണിക്കുന്നതിന് പിന്നിലെന്ന് ജയിൽ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലും ജയിലുകളിൽ കോവിഡ്​ വ്യാപനമുള്ള സാഹചര്യത്തിൽ ആവശ്യപ്പെടുകയാണെങ്കിൽ അർഹതയുള്ള തടവുകാർക്ക്​ രണ്ടാഴ്​ച പരോൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട്​ ശിക്ഷ അനുഭവിക്കുന്നവർക്ക്​ പരോൾ അനുവദിക്കില്ല.

കഴിഞ്ഞവർഷവും കോവിഡ്​ രൂക്ഷമായ സാഹചര്യത്തിൽ തടവുകാർക്ക്​ പരോൾ അനുവദിച്ചിരുന്നു. പലതവണ ഇത്​ നീട്ടി​നൽകുകയും ചെയ്​തു. എന്നാൽ പല തടവുകാരും മടങ്ങിയെത്താൻ വൈകിയത്​ പ്രശ്​നം സൃഷ്​ടിച്ചിരുന്നു. കണ്ണൂർ, കാക്കനാട്​ തുടങ്ങിയ ജയിലുകളിൽ നടത്തിയ പരിശോധനകളിൽ നിരവധിപേർക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു.

Tags:    
News Summary - Inmates eligible for parole but want to stay on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.