മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആറാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് 'വാഗ്ഷീർ' നീറ്റിലിറക്കി. തെക്കൻ മുംബൈയിലെ മസഗൺ ഡോക്കിൽ നടന്ന ചടങ്ങിൽ പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് അന്തർവാഹിനി നീറ്റിലിറക്കിയത്. നാവികസേനയിലേക്ക് കമീഷൻ ചെയ്യുന്നതിനു മുമ്പ് വാഗ്ഷീർ തുറമുഖത്തും കടലിലും കർശന പരിശോനകൾക്കും പരീക്ഷണങ്ങൾക്കും വിധേയമാകും.
ഇന്ത്യൻ മഹാസമുദ്രത്തിലെ മാരകമായ ആഴക്കടൽ വേട്ടക്കാരനായ 'സാൻഡ് ഫിഷി'ന്റെ പേരിലാണ് ആറാമത്തെ അന്തർവാഹിനി അറിയപ്പെടുക. 1974 ഡിസംബറിലാണ് ആദ്യത്തെ അന്തർവാഹിനി 'വാഗ്ഷീർ' കമീഷൻ ചെയ്തത്. വർഷങ്ങൾ നീണ്ട സേവനം പൂർത്തിയാക്കി 1997 ഏപ്രിലിൽ ഇത് ഡീകമീഷൻ ചെയ്തു.
ഫ്രഞ്ച് നാവിക പ്രതിരോധ ഊർജ കമ്പനിയായ ഡി.സി.എൻ.എസ് രൂപകൽപന ചെയ്ത ആറ് അന്തർവാഹിനികൾ നാവികസേനയുടെ പ്രോജക്ട് -75ന്റെ ഭാഗമായാണ് നിർമിക്കുന്നത്. അന്തർവാഹിനികൾ നിർമിക്കാനുള്ള ചുമതല മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിനെയാണ് (എം.ഡി.എസ്.എൽ) ഏൽപിച്ചത്.
ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനികളുടെ ഒരു വിഭാഗമാണ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ. ഡീസൽ പ്രൊപ്പൽഷനും വായു ഉപയോഗിച്ചുള്ള പ്രൊപ്പൽഷനുമാണ് സ്കോർപീൻ ക്ലാസിലുള്ളത്. ആന്റി സർഫേസ്, ആന്റി സബ്മറൈൻ യുദ്ധമുഖങ്ങൾ, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ, മൈൻ സ്ഥാപിക്കൽ, നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അന്തർവാഹിനി ഉപയോഗിക്കാനാകും.
ഐ.എൻ.എസ് കൽവരി, ഐ.എൻ.എസ് ഖണ്ഡേരി, ഐ.എൻ.എസ് കരംഗ്, ഐ.എൻ.എസ് വേല, ഐ.എൻ.എസ് വാഗിർ എന്നിവയാണ് നാവികസേനക്ക് വേണ്ടി നിർമിച്ച മറ്റ് അന്തർവാഹിനികൾ. ഇതിൽ ആദ്യ നാലെണ്ണം കമീഷൻ ചെയ്തു. ഐ.എൻ.എസ് വാഗിർ കടൽ പരീക്ഷണത്തിന്‍റെ ഭാഗമായി സാങ്കേതിക സംവിധാനങ്ങളും യന്ത്രങ്ങളും ആയുധങ്ങളും പരീക്ഷിക്കുന്ന ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.