ന്യൂഡൽഹി: കഴിഞ്ഞയാഴ്ച ഡൽഹിയിലെ സ്ഥാപനത്തിൽ നിന്ന് മുംബൈ പൊലീസ് ഓഫീസർമാരായി ചമഞ്ഞ് കൊള്ളക്കാർ ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് സ്ത്രീകളുൾപ്പെടെ ഏഴ് പേർ ബോളിവുഡ് ചിത്രമായ 'സ്പെഷ്യൽ 26'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു.
ബി.ജെ.പിയുടെയും ജനനായക് ജനതാ പാർട്ടിയുടെയും (ജെ.ജെ.പി) പിന്തുണയോടെ മത്സരിച്ച ഹരിയാനയിലെ നുഹ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സഞ്ജയ് മനോചയാണ് പ്രതികളിലൊരാളെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച നേതാജി സുഭാഷ് പ്ലേസിൽ വിജയ് യാദവ് നടത്തുന്ന വെൽനസ് സ്ഥാപനത്തിലാണ് കവർച്ച നടന്നതെന്ന് നോർത്ത് വെസ്റ്റ് ഡൽഹി ഡി.സി.പി ഉഷാ രംഗറാണി പറഞ്ഞു.
ഉച്ചക്ക് 12.30 ഓടെ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ അദ്ദേഹത്തിന്റെ ഓഫീസിലെത്തി മുംബൈ പൊലീസിലെ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയതായി യാദവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുംബൈ പൊലീസിന്റെ ഐഡന്റിറ്റി കാർഡ് ധരിച്ചാണ് ഇവർ എത്തിയിരുന്നത്.
അവിടെയുണ്ടായിരുന്ന ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. തോക്ക് ചൂണ്ടി പരാതിക്കാരനോട് ഭാര്യയെ വിളിച്ച് പണം ക്രമീകരിക്കാൻ ആവശ്യപ്പെട്ടു. ഭാര്യ എങ്ങനെയോ 5.75 ലക്ഷം രൂപ ക്രമീകരിച്ച് ഓഫീസിന് പുറത്ത് കാത്തുനിന്ന പ്രതികളിലൊരാളായ സ്ത്രീക്ക് കൈമാറി.
ഇയാളുടെ ബാങ്ക്, കാർഡ് വിവരങ്ങളും ഇയാളിൽ നിന്ന് ശേഖരിച്ചതായി പൊലീസ് പറഞ്ഞു. ജീവനക്കാരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് പണവും മൊബൈൽ ഫോണുകളും മറ്റും കവർന്ന് മോഷ്ടാക്കൾ പോയി. സി.സി ടി.വി ദൃശ്യങ്ങൾ ഉപയോഗിച്ച്, പ്രതികളിലൊരാളെ ലിബാസ്പൂരിലെ പ്രശാന്ത് കുമാർ പാട്ടീലാണെന്ന് പൊലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് 2.5 ലക്ഷം രൂപ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ രണ്ട് സ്ത്രീകളും അഞ്ച് പുരുഷന്മാരും കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് വെളിപ്പെടുത്തി.
ഇയാളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി സ്വദേശികളായ ജ്യോതി, നേഹ കശ്യപ് എന്നീ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. അതിനുശേഷം, മറ്റ് നാല് പേർ - ഗുരു ജി എന്ന സാഹിദ്, സഞ്ജയ് മനോച്ച, ഫൈസൽ, ഇമ്രാൻ എന്നിവരും മധ്യപ്രദേശിന്റെയും ഹരിയാനയുടെയും വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായി. മറ്റൊരു പ്രതിയായ മാജിദ് ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.