ബംഗളൂരു: പ്രവാചകനെതിരായ അധിക്ഷേപത്തിലൂടെ മുസ്‌ലിം സമുദായത്തെ പ്രകോപിതരാക്കി കലാപങ്ങൾ സൃഷ്ടിച്ച് കൂട്ട വംശഹത്യ ലക്ഷ്യമിടുന്നവരും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ ആസൂത്രിത ശ്രമങ്ങൾ നടത്തുന്നവരും രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെയാണ് ലോകത്തിന് മുന്നിൽ തകർത്തതെന്ന് പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനി. രാജ്യത്തെ നല്ലൊരു ശതമാനം വരുന്ന മതേതരവിശ്വാസികളായ ഹിന്ദു സഹോദരങ്ങളെക്കൂടി ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ അപമാനിതരാക്കിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദൻ, ബെർണാഡ്ഷാ, ലാമാർട്ടിൻ, മൈക്കൽ എച്ച്. ഹാർട്ട്, ലിയോ ടോൾസ്റ്റോയ് തുടങ്ങിയ അഭ്യസ്തവിദ്യരും രാഷ്ട്രതന്ത്രജ്ഞരും തത്വജ്ഞാനികളുമായ പ്രമുഖർ മുഹമ്മദ് നബിയെക്കുറിച്ച് പഠിച്ചു മനസ്സിലാക്കി വാഴ്ത്തിപ്പറയുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം ഗ്രാമങ്ങളിൽ പോലും സ്വീകാര്യതയില്ലാത്ത ചില വിവരദോഷികളും വിദ്വേഷ വ്യവസായികളും ആർത്തട്ടഹസിച്ചാൽ തകർന്നുപോകുന്നതല്ല പ്രവാചകന്റെ മഹോന്നത വ്യക്തിത്വമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദൻ, ബെർണാഡ്ഷാ, ലാമാർട്ടിൻ, മൈക്കൽ എച്ച്. ഹാർട്ട്, ലിയോ ടോൾസ്റ്റോയ്...ഇങ്ങനെ ലോക പ്രശസ്തരും അഭ്യസ്തവിദ്യരും രാഷ്ട്ര തന്ത്രജ്ഞരും തത്വജ്ഞാനികളുമായ എത്ര മഹത്തുക്കളാണ് തിരുദൂതർ മുഹമ്മദ് (സ)യെ പഠിച്ചു മനസ്സിലാക്കി വാഴ്ത്തിപ്പറഞ്ഞിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതും...സ്വന്തം ഗ്രാമങ്ങളിൽ പോലും സ്വീകാര്യത ഇല്ലാത്ത ചില വിവരദോഷികളും വിദ്വേഷ വ്യവസായികളും ആർത്തട്ടഹസിച്ചാൽ തകർന്നുപോകുന്നതല്ല അവിടുത്തേയുടെ മഹോന്നത വ്യക്തിത്വം.
പ്രവാചകാക്ഷേപം പുലമ്പി മുസ്‌ലിം സമുദായത്തെ പ്രകോപിതരാക്കി കലാപങ്ങൾ സൃഷ്ടിച്ച് കൂട്ട വംശഹത്യ നടത്തുവാൻ ലക്ഷ്യമിടുന്നവരും വിലകുറഞ്ഞ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുവാൻ ഹീനമായ ആസൂത്രിത ശ്രമങ്ങൾ നടത്തുന്നവരും ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെയാണ് ലോകത്തിന്റെ മുന്നിൽ തകർത്തത്. ഒപ്പം രാജ്യത്തെ നല്ലൊരു ശതമാനം വരുന്ന മതേതരവിശ്വാസികളായ ഹിന്ദു സഹോദരങ്ങളെക്കൂടി ലോകരാഷ്ട്രങ്ങളുടെ മുന്നിൽ നിങ്ങൾ അപമാനിതരാക്കി.
ഒന്നുകൂടി: എത്ര നുപൂർ-നവീന്മാർ ഉറഞ്ഞു തുള്ളിയാലും ഏതെല്ലാം അധികാര സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചാലും മുഹമ്മദ് (സ) ഞങ്ങൾക്ക് ജീവനാണ്, ജീവനേക്കാൾ അപ്പുറമാണ്...അത് ഭരണ തിട്ടൂരങ്ങൾക്കൊത്ത് മാറിമറിയുന്ന താൽക്കാലിക വികാരമല്ല. ദേഹവും ദേഹിയും പിരിയുന്നത് വരെയും അതിന് ശേഷവും അങ്ങനെ തന്നെയായിരിക്കുക തന്നെ ചെയ്യും. എന്തെല്ലാം ത്യജിക്കേണ്ടി വന്നാലും ഏതൊക്കെ ഭീഷണികൾ അഭിമുഖീകരിക്കേണ്ടി വന്നാലും...ഇതു മാറ്റമില്ലാത്ത പ്രഖ്യാപനമാണ്...ഇൻശാ അല്ലാഹ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.