യു.എസിനും റഷ്യക്കും ചൈനക്കും പിന്നാലെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായിരിക്കുകയാണ് ഇന്ത്യ. ചന്ദ്രൻ ഒരു പ്രധാന റിയൽ എസ്റ്റേറ്റ് ആണ്. അതിനാൽ ലോകരാജ്യങ്ങൾ ചന്ദ്രനിൽ ഇറങ്ങാനുള്ള കഴിവ് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇന്ത്യയുടെ അഭിമാന പദ്ധതിയാണ് ചന്ദ്രയാൻ. അതിലാർക്കും സംശയമില്ല.
പദ്ധതിക്കായി ഏകദേശം 615 കോടി രൂപ വേണമെന്ന് 2020 അന്നത്തെ ഐ.എസ്.ആർ.ഒ(ഇസ്രോ) ചെയർമാൻ കെ. ശിവൻ പറഞ്ഞിരുന്നു. ഇത്രയേറെ പണം ചെലവഴിക്കുന്നതിന് അനുസരിച്ചുള്ള മൂല്യം പദ്ധതിക്കുണ്ടോ എന്ന കാര്യം ചിലർക്കെങ്കിലും സംശയമുണ്ടായിരിക്കും. ചില ഉദാഹരണങ്ങൾ വിവരിക്കാം. ജൂണിൽ ഗംഗ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന ഭഗൽപൂർ പാലം തകർന്നത് ഓർക്കുന്നില്ലേ? നാലുവരിയുള്ള പാലത്തിന്റെ നിർമാണച്ചെലവ് 1710 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം തവണയാണ് നിർമാണത്തിലിരുന്ന പാലം തകർന്നത്. ചന്ദ്രയാൻ-3 നായി ഇന്ത്യ വകയിരുത്തിയിരിക്കുന്ന അതേ പണം കൊണ്ട് നിങ്ങൾക്ക് പാലം പണിയാം. അത് തകരാനുള്ള സാധ്യതയുമുണ്ട്. അപ്പോൾ ആ പണം വെറുതെയാകില്ലേ?
978 കോടി രൂപയാണ് ചന്ദ്രയാൻ-2 ദൗത്യത്തിന് ഇന്ത്യയ്ക്ക് ചിലവായത്. എന്നാൽ വിക്ഷേപണ വാഹനം ഇപ്പോൾ വികസിപ്പിക്കുകയും ഓർബിറ്റർ സ്ഥാപിക്കുകയും ചെയ്‌തതോടെ ചന്ദ്രയാൻ -3 പദ്ധതിയുടെ ചിലവ് കുറയ്ക്കാൻ ചന്ദ്രയാൻ -2 സഹായിച്ചു. അതായത് ചാന്ദ്ര ദൗത്യങ്ങളിൽ ഏറ്റവും ചെലവു കുറഞ്ഞതാണ് ചന്ദ്രയാൻ-3 എന്നു മനസിലാക്കാം. നമ്മൾ ചെലവാക്കിയതിന്റെ എത്രയോ മടങ്ങാണ് റഷ്യയും ചൈനയും ചാന്ദ്രദൗത്യങ്ങൾക്കായി വിനിയോഗിച്ചത് എന്നതും ശ്രദ്ധിക്കണം. റഷ്യയുടെ ലൂണ ലൂണ 25 ദൗത്യത്തിന് 1600 കോടി രൂപയായിരുന്നു ചെലവ്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പേടകം തകരുകയും ചെയ്തു. അതെല്ലാം പോട്ടെ, ലോകത്ത് സയൻസ് ഫിക്ഷൻ സിനിമകൾ എടുക്കാൻ ചന്ദ്രയാൻ-3യുടെ എത്രയോ മടങ്ങ് പണം മുടക്കുന്നുണ്ട്. ഉദാഹരണമായി,
2014 ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ സിനിമയായ ക്രിസ്റ്റഫർ നോളന്റെ 'ഇന്റർസ്റ്റെല്ലാർ' 165 മില്യൺ ഡോളർ ബജറ്റിലാണ് നിർമിച്ചത്. ഏതാണ്ട് 1,368 കോടി രൂപ. ഇത് ചന്ദ്രയാൻ-3 പദ്ധതിയുടെ ഇരട്ടിയിലേറെ വരും. മാറ്റ് ഡാമൺ അഭിനയിച്ച 'ദി മാർഷ്യൻ' പോലും ചന്ദ്രയാൻ-3യേക്കാൾ ചെലവേറിയതാണ്. ശ്രീരാമനെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ സ്വന്തം 'ആദിപുരുഷി'ന് ചന്ദ്രയാൻ-3യേക്കാൾ കൂടുതൽ നിർമാണ ചെലവ് വന്നു.ദുബയിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ 136 മില്യൺ ഡോളർ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ 1.5 മടങ്ങ് കൂടുതലാണ്.
ദുബായിലെ മുകേഷ് അംബാനിയുടെ ആന്റിലിയയുടെയും ബുർജ് ഖലീഫയുടെയും നിർമാണത്തിനായി ചെലവഴിച്ച പണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ചന്ദ്രയാൻ -3 ദൗത്യത്തിന് അതിന്റെ ഒരു ഭാഗം മാത്രമേ ചെലവാക്കിയിട്ടുള്ളൂ. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, കിലിയൻ എംബാപ്പെ എന്നിവർ 2023ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്ന് കായിക താരങ്ങളാണ്. ഇവരൊക്കെ വാങ്ങുന്ന പ്രതിഫലം ചന്ദ്രയാൻ-3 ദൗത്യത്തേക്കാൾ കൂടുതൽ വരും.
ഡാവിഞ്ചിയാണ് ഏറ്റവും പണ ചെലവേറിയ പെയിന്റിംഗ് എന്ന് പറയപ്പെടുന്നു. നിലവിലെ വിലയനുസരിച്ച്, ആറ് ചന്ദ്രയാൻ -3 ദൗത്യങ്ങൾക്കായി ആ തുക ഉപയോഗിക്കാൻ സാധിക്കും. റഷ്യൻ പ്രഭു ൻ അലിഷർ ഉമാനോവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റ് പോലും ചന്ദ്രയാൻ -3 ദൗത്യത്തേക്കാൾ ചെലവേറിയതാണ്. ചന്ദ്രയാൻ-3 ദൗത്യത്തിന് ധനസഹായം നൽകാൻ മൂന്ന് റോൾസ് റോയ്‌സ് ബോട്ട് ടെയിൽ കാറുകൾ മതിയാകും.
ചന്ദ്രയാൻ-3 ദൗത്യം ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ പദ്ധതികൾക്ക് വലിയ പ്രോത്സാഹനം നൽകും. കൂടാതെ ഇത് ചെലവ് കുറഞ്ഞതുമാണ്. 2008ലായിരുന്നു ചന്ദ്രയാന്റെ ആദ്യ ദൗത്യം. 2019 സെപ്റ്റംബർ 7ന് ലാൻഡിങിനു ശ്രമിക്കുന്നതിനിടെ ലാൻഡറിലെ ബ്രേക്കിങ് സിസ്റ്റത്തിലെ അപാകതകളെ തുടർന്ന് അതിന്റെ ലാൻഡർ 'വിക്രം' ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിപ്പോൾ ചന്ദ്രയാൻ-2 പരാജയപ്പെടുകയായിരുന്നു.
കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.